Asianet News MalayalamAsianet News Malayalam

ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു; കാവല്‍ പ്രധാനമന്ത്രിയായി തുടരും

പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും പുതിയ നേതാവിനെ തെരഞ്ഞെടുക്കും വരെ സ്ഥാനത്ത് തുടരുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

Boris Johnson resigned as Prime Minister of uk
Author
London, First Published Jul 7, 2022, 5:27 PM IST

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ രാജിവെച്ചു. പ്രധാനമന്ത്രിയോട് വിയോജിച്ച് മന്ത്രിമാർ കൂട്ടരാജി നൽകിയതോടെയാണ് ബോറിസ് ജോൺസൺ കസേര വിട്ടിറങ്ങിയത്. പുതിയ നേതാവിനെ പാർട്ടി തെരഞ്ഞെടുക്കും വരെ കേയർടേക്കർ പ്രധാനമന്ത്രിയായി അദ്ദേഹം തുടരും. ഏറെ വേദനയോടെയാണ് പദവി ഒഴിയുന്നതെന്ന് രാജി പ്രഖ്യാപനത്തിൽ ബോറിസ് ജോൺസൺ പറഞ്ഞു. പുതിയ നേതാവിന് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രാജി പ്രഖ്യാപനത്തോടെ മൂന്നു വര്‍ഷം നീണ്ട വിവാദഭരിതമായ ഭരണത്തിനാണ് അന്ത്യമായിരിക്കുന്നത്. തുടർച്ചയായി വിവാദങ്ങളിൽ കുടുങ്ങിയ ബോറിസ് ജോൺസനോട് വിയോജിച്ച് ഭൂരിപക്ഷം മന്ത്രിമാരും രാജിവെച്ചതോടെയാണ് പടിയിറക്കം.

പിടിച്ചു നില്‍ക്കാന്‍ കഴിവതും നോക്കിയെങ്കിലും സ്വന്തം മന്ത്രിമാരുടെ കൂട്ടരാജിക്ക് മുന്നിൽ പ്രധാനമന്ത്രിക്ക് അടിപതറി. മൂന്നിൽ രണ്ടു ബ്രിട്ടീഷുകാരും ബോറിസ് ജോൺസനെ ഇനി പ്രധാമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന സർവേകൾ കൂടി പുറത്ത് വന്നതോടെയാണ് അധികാരമൊഴിയാൽ. ഒക്ടോബറിൽ കൺസർവേറ്റിവ് പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കും. അതുവരെ കെയർടേക്കർ പ്രധാനമന്ത്രിയായി ജോൺസൺ  തുടരും. മുതിർന്ന മന്ത്രിമാരായ ഋഷി സുനക്കും സാജിദ് ജാവിദും രാജിവച്ചതോടെയാണ് ബോറിസ്‌ ജോൺസന്‍റെ കസേര ഇളകിയത്. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിതന്നെ ഉണ്ടായി. ഇന്ന് മാത്രം രാജിവെച്ചത് ആറു മന്ത്രിമാരാണ്. ബോറിസ് ജോൺസന്‍റെ രാജി പ്രഖ്യാപനത്തെ ഭരണ - പ്രതിപക്ഷ വ്യത്യസമില്ലാതെ നേതാക്കൾ സ്വാഗതം ചെയ്തു. 

രാജ്യം മുഴുവൻ കൊവിഡ് ചട്ടങ്ങൾ പാലിച്ച് അടച്ചിരിക്കുമ്പോൾ അതിന് തരിമ്പും വില കൽപ്പിക്കാതെ ബോറിസ് ജോൺസൺ നിശാ വിരുന്നുകൾ നടത്തിയത് വിവാദമായിരുന്നു. നിരവധി ലൈംഗിക പീഡന പരാതികളിൽ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ  ചീഫ് വിപ്പിന്‍റെ കസേരയിൽ നിയമിച്ചു. ഓരോ ക്രമക്കേട് പുറത്തുവന്നപ്പോഴും ബോറിസ് ജോൺസൺ അതെല്ലാം നിഷേധിച്ചു. പിന്നീട  രേഖകളും ചിത്രങ്ങളും തെളിവായപ്പോൾ മാപ്പു പറഞ്ഞ് തടിയൂരി. നിരന്തരമായ ഈ വിവാദപ്പെരുമഴയിൽ മനം മടുത്താണ് മന്ത്രിമാർ കൂട്ടത്തോടെ ഇറങ്ങിപ്പോയത്. കൂടുതൽ മാന്യതയും ഉത്തരവാദിത്തവുമുള്ള ഒരു പ്രധാനമന്ത്രിയെ ബ്രിട്ടീഷ് ജനത അർഹിക്കുന്നുവെന്നാണ് രാജിക്കത്തിൽ മുതിർന്ന മന്ത്രിമാര്‍  പറഞ്ഞുവെച്ചത്. 

Follow Us:
Download App:
  • android
  • ios