യുദ്ധത്തിലേക്ക് ബ്രിട്ടനും? അറബിക്കടലിൽ ആണവ അന്തർവാഹിനി എത്തി, ഇറാനെ ആക്രമിക്കാൻ യുഎസിന് താവളങ്ങൾ വിട്ടുനൽകി

Published : Mar 22, 2026, 09:07 AM IST
UK Submarine

Synopsis

ഇറാൻ-യുഎസ് സംഘർഷം രൂക്ഷമാകുന്നതിനിടെ, ബ്രിട്ടൻ ആണവ അന്തർവാഹിനി അറബിക്കടലിൽ വിന്യസിച്ചു. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് തങ്ങളുടെ സൈനിക താവളങ്ങൾ ഉപയോഗിക്കാൻ ബ്രിട്ടൻ അനുമതി നൽകിയതിന് പിന്നാലെയാണ് ഈ നിർണായക നീക്കം.

ലണ്ടൻ: ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം വർധിക്കുന്ന സാഹചര്യത്തിൽ അറബിക്കടലിൽ ബ്രിട്ടൻ ആണവ അന്തർവാഹിനി വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച എച്ച്എംഎസ് ആൻസൺ വടക്കൻ അറേബ്യൻ കടലിൽ എത്തിയതയാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്കിലെ കപ്പലുകളെ ആക്രമിക്കുന്ന ഇറാനിയൻ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടനിലെ താവളങ്ങൾ ഉപയോഗിക്കാൻ വെള്ളിയാഴ്ച ബ്രിട്ടീഷ് സർക്കാർ യുഎസ് സൈന്യത്തിന് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഈ നീക്കം. 

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കണമെന്ന അമേരിക്കയുടെ അഭ്യർത്ഥന യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ആദ്യം നിരസിച്ചിരുന്നു. എന്നാൽ മിഡിൽ ഈസ്റ്റിലുടനീളം ബ്രിട്ടീഷ് സഖ്യകക്ഷികൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് ശേഷം നിലപാട് മാറ്റി. യുഎസിന് ആർഎഎഫ് ഫെയർഫോർഡും ഇന്ത്യൻ മഹാസമുദ്രത്തിലെ യുഎസ്-യുകെ സംയുക്ത താവളമായ ഡീഗോ ഗാർസിയയും ഉപയോഗിക്കാൻ കഴിയുമെന്ന് അറിയിച്ചു. റിപ്പോർട്ട് പ്രകാരം മാർച്ച് 6 ന് എച്ച്എംഎസ് ആൻസൺ ഓസ്‌ട്രേലിയയിലെ പെർത്തിലെ തുറമുഖത്ത് നിന്ന് പുറപ്പെട്ടു. ലണ്ടനിലെ പെർമനന്റ് ജോയിന്റ് ഹെഡ്ക്വാർട്ടേഴ്‌സുമായി (പിജെഎച്ച്ക്യു) ആശയവിനിമയം നടത്താൻ വേണ്ടി ഓരോ 24 മണിക്കൂറിലും അന്തർവാഹിനി ഉപരിതലത്തിൽ എത്തുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

ശനിയാഴ്ച ഇറാൻ 2,500 മൈൽ (4,000 കിലോമീറ്റർ) അകലെയുള്ള ഡീഗോ ഗാർസിയ ലക്ഷ്യമിട്ടിരുന്നു. ഇറാൻ വിക്ഷേപിച്ച രണ്ട് മിസൈലുകളും ദ്വീപിൽ പതിച്ചില്ലെങ്കിലും, ഇറാന്റെ കൈവശം മുമ്പ് അംഗീകരിച്ചതിലും കൂടുതൽ ദൂരം സഞ്ചരിക്കാൻ കഴിയുന്ന മിസൈലുകൾ ഉണ്ടെന്ന സൂചനയാണ് നൽകിയത്. ഇറാന്റെ മിസൈൽ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ ഉപയോഗിക്കാൻ യുഎസിന് സർക്കാർ പ്രത്യേക അനുമതി നൽകുന്നതിന് മുമ്പാണ് ആക്രമണം നടന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിലെ ഒരു വൃത്തത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു, തെരച്ചിൽ നടക്കുന്നതായി പ്രതിരോധ മന്ത്രാലയം
ഹോര്‍മുസ് കടലിടുക്ക് 48 മണിക്കൂറിൽ തുറക്കണം, ഇറാന് അന്ത്യശാസനവുമായി ട്രംപ്; ഇല്ലെങ്കിൽ ഊര്‍ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്ന് ഭീഷണി