മിഷിഗൺ ഡെമോക്രാറ്റിക് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ-സയീദിനെതിരെ 'പെറ്റ് മാസക്കർ' ആരോപണം ശക്തമാകുന്നു. ഡെട്രോയിറ്റ് ആരോഗ്യ ഡയറക്ടറായിരിക്കെ ആയിരക്കണക്കിന് മൃഗങ്ങളെ ദയാവധത്തിന് ഇരയാക്കിയെന്നാണ് ആരോപണം. എന്നാൽ, ഇത് തന്‍റെ മുസ്ലിം സ്വത്വത്തിനെതിരെയുള്ള ആക്രമണമാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു.

മിഷിഗൺ ഡെമോക്രാറ്റിക് പാർട്ടിയുടെ യുഎസ് സെനറ്റ് സ്ഥാനാർഥി അബ്ദുൽ എൽ - സയീദിനെതിരെ ഉയർന്ന ‘പെറ്റ് മാസക്കർ’ ആരോപണം വീണ്ടും ചർച്ചയാകുന്നു. ഡെട്രോയിറ്റ് നഗരത്തിലെ ആരോഗ്യ ഡയറക്ടറായിരുന്ന കാലയളവിൽ നഗരത്തിലെ അനിമൽ കൺട്രോൾ വിഭാഗത്തിൽ ജോലി ചെയ്യവെ നഗരത്തിലെ ആയിരക്കണക്കിന് നായ്ക്കളെയും പൂച്ചകളെയും ദയാവധത്തിന് വിധേയമാക്കിയെന്ന ആരോപണമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

പെറ്റ് മാസക്കർ

2015 -ൽ എൽ-സയീദ് ഡെട്രോയിറ്റിന്‍റെ ആരോഗ്യവകുപ്പിന്‍റെ ചുമതലയേറ്റ സമയത്ത് Detroit Animal Care and Control (DACC) വിഭാഗത്തിന്‍റെ ‘ലൈവ്-റിലീസ്’ നിരക്ക് ഏകദേശം 20 മുതൽ 26 ശതമാനം വരെയായിരുന്നു. എന്നാൽ 2016 അവസാനത്തോടെ ഇത് 61 മുതൽ 62 ശതമാനം വരെ ഉയർന്നതായി അദ്ദേഹത്തിന്‍റെ പ്രചാരണസംഘം ചൂണ്ടിക്കാട്ടുന്നു. അതായത്, അഭയകേന്ദ്രത്തിലെത്തുന്ന മൃഗങ്ങളെ ജീവനോടെ ദത്തെടുക്കുന്നതിനോ രക്ഷിക്കുന്നതിനോ ഉള്ള നിരക്ക് അദ്ദേഹത്തിന്‍റെ കാലത്ത് മെച്ചപ്പെട്ടുവെന്നായിരുന്നു അവകാശവാദം. എന്നാൽ, എൽ-സയീദിന്‍റെ കാലയളവുമായി ബന്ധപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിൽ 4,680 വരെ നായ്ക്കളെയും പൂച്ചകളെയും ദയാവധത്തിന് വിധേയമാക്കിയെന്ന് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തതായി ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു. എൽ-സയീദിന്‍റെ ആരോഗ്യവകുപ്പിന് കീഴിൽ DACC പ്രവർത്തിച്ച ആദ്യ വർഷത്തിൽ 1,056 നായ്ക്കളെയും 29 പൂച്ചകളെയും ദയാവധത്തിന് വിധേയമാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

പിന്നിൽ മുസ്ലിം സ്വത്വമെന്ന് ആരോപണം

സംഭവത്തെ തുടർന്ന് മൃഗാവകാശ സംഘടനയായ പെട്ട ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന ആവശ്യവും സമൂഹ മാധ്യമങ്ങളിൽ ശക്തമായി. ‘പെറ്റ് മാസക്കർ’ എന്ന വിശേഷണം ഉപയോഗിച്ചാണ് ചിലർ എൽ-സയീദിനെതിരെ രൂക്ഷമായ വിമർശനം ഉയർത്തുന്നത്. എന്നാൽ, ആരോപണങ്ങൾക്കൊപ്പം അദ്ദേഹത്തിന്‍റെ കാലത്ത് ലൈവ്-റിലീസ് നിരക്ക് ഗണ്യമായി ഉയർന്നതെന്ന കണക്കുമായി എൽ-സയീദിനെ അനുകൂലിക്കുന്നവരും രംഗത്തെത്തി. ഇതോടെ ഇരുസംഘങ്ങളും പരസ്പരം രൂക്ഷമായ വാദപ്രതിവാദത്തിലാണ്. അതേസമയം യുഎസ് സെന്‍റിലേക്ക് ഒരു മുസ്ലീം സ്ഥാനാർത്ഥി മത്സരിക്കുന്നതിനോടുള്ള വിരോധമാണ് ഈ ആരോപണങ്ങൾക്ക് പിന്നിലെന്ന് അബ്ദുൽ എൽ - സയീദിനെ അനുകൂലിക്കുന്നവരും ആരോപിക്കുന്നു. മിഷിഗണിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ സെനറ്റ് സ്ഥാനാർഥിത്വം നേടിയ ആദ്യ മുസ്ലിമാണ് അബ്ദുൽ എൽ-സയീദ്. സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് പിന്നലെ അദ്ദേഹത്തിന്‍റെ മുസ്ലിം വ്യക്തിത്വത്തെയും ഭാര്യയുടെ ഹിജാബിനെയും മുൻനിർത്തിയുള്ള ആക്രമണങ്ങൾ വർധിച്ചതായി അസോസിയേറ്റ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.