
മോസ്കോ: റഷ്യ-യുക്രൈൻ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. നേരത്തെ യുക്രൈൻ ചർച്ചയിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും ചർച്ചക്കെത്തുമെന്ന് യുക്രൈൻ സ്ഥിരീകരിച്ചു. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. റഷ്യൻ സംഘവും ബലറൂസിലെത്തിയിട്ടുണ്ട്. ഇന്ത്യൻ സമയം വൈകിട്ട് 7 മണിയോടെയാണ് ചർച്ച നടക്കുക.
അതേ സമയം, യുദ്ധവിമാനങ്ങളും വ്യോമപ്രതിരോധ സംവിധാനവും യുക്രൈന് നൽകണമെന്ന് നാറ്റോ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്യോദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. യുക്രൈന് സുരക്ഷ നൽകാൻ ഇനിയെത്ര മരണം വേണ്ടിവരുമെന്നും നാറ്റോ രാജ്യങ്ങളോട് സെലെൻസ്കി ചോദിച്ചു. നാറ്റോ നേരിട്ട് ഇടപെടാത്ത സാഹചര്യത്തിലാണ് സെലൻസ്കിയുടെ പ്രതികരണം.
അതിനിടെ, യുക്രൈനിൽനിന്ന് സാധാരണക്കാർക്ക് രക്ഷപ്പെടാൻ സുരക്ഷിത പാതയൊരുക്കുമെന്ന റഷ്യയുടെ പ്രഖ്യാപനം മൂന്നാം ദിവസവും നടപ്പായില്ല. സുരക്ഷിത ഇടനാഴിയിൽ അടക്കം സ്‌ഫോടനങ്ങൾ ഉണ്ടായതിനാൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ അടക്കം ഒഴിപ്പിക്കൽ നിർത്തിവെച്ചു. നാലു നഗരങ്ങളിൽ നിന്ന് റഷ്യൻ സൈന്യം പ്രഖ്യാപിച്ച സുരക്ഷിത പാതകൾ റഷ്യയിലേക്ക് ആയതിന് എതിരെ യുക്രൈൻ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായതും രക്ഷാ പ്രവർത്തനം നിർത്തിവെച്ചതും. ആരാണ് വെടിനിർത്തൽ ലംഘിച്ചതെന്നതിൽ വ്യക്തതയില്ല.
Ukraine Crisis : ഇടപെടലുമായി ഇന്ത്യ; പുടിൻ, സെലന്‍സ്കി എന്നിവരുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി
ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര മുതൽ നാലു നഗരങ്ങളിൽ വെടി നിർത്തും എന്നായിരുന്നു റഷ്യൻ സൈന്യത്തിന്റെ അറിയിപ്പ്. കീവ്, കാർകീവ്, സുമി, മരിയോപോൾ നഗരങ്ങളിൽ ഉള്ളവർക്ക് രക്ഷപ്പെടാനായി സുരക്ഷിത വഴികൾ ഒരുക്കുമെന്നാണ് റഷ്യ അറിയിച്ചിരുന്നത്. എന്നാൽ റഷ്യൻ സൈന്യം പുറത്തുവിട്ട മാപ്പിൽ സുരക്ഷിത വഴികൾ അവസാനിച്ചത് റഷ്യയിലും ബെലറൂസിലുമായിരുന്നു. രക്ഷപ്പെടാൻ ആഗ്രഹിക്കുന്നവർ റഷ്യയിലും ബെലറൂസിലും എത്തി അവിടെ നിന്ന് മറ്റിടങ്ങളിലേക്ക് പോകട്ടെഎന്ന നിലപാടാണ് റഷ്യ പ്രകടിപ്പിച്ചത്. എന്നാൽ ഈ പാതകൾ സ്വീകാര്യമല്ലെന്ന് യുക്രൈൻ ഉപപ്രധാനമന്ത്രി ഐറീന വേരേഷ് ചക് പ്രതികരിച്ചു. റഷ്യയിലേക്കോ ബെലറൂസിലേക്കോ പോകാൻ യുക്രയിൻകാർ തയ്യാറല്ലെന്നും ഐറീന പറഞ്ഞു.
ഒഴിപ്പിക്കൽ നിർത്തി വെച്ച് ഇന്ത്യ
വെടിനിർത്തൽ പ്രഖ്യാപനം പാളിയതോടെ ഒഴിപ്പിക്കൽ നിർത്തി വെക്കുകയാണെന്ന് ഇന്ത്യൻ അധികൃതരും വിദ്യാർത്ഥികളെ അറിയിച്ചു. ബസിൽ കയറ്റിയ ശേഷം ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവർക്ക് തിരിച്ചിറങ്ങേണ്ടി വന്നു. കഴിഞ്ഞ രണ്ടു ദിവസവും റഷ്യ പ്രഖ്യാപിച്ച വെടിനിർത്തൽ ഫലം കണ്ടിരുന്നില്ല. ഇർബിൻ നഗരത്തിൽ വെടിനിർത്തൽ വിശ്വസിച്ചു പുറത്തിറങ്ങിയ സാധാരണക്കാർ ഇന്നലെ കൊല്ലപ്പെടുകയും ചെയ്തു. വെടിനിർത്തൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം യുക്രയ്‌നാണെന്ന് റഷ്യ ആരോപിക്കുന്നു. എന്നാൽ പൊള്ളയായ വെടിനിർത്തൽ പ്രഖ്യാപനമാണ് റഷ്യയുടേത് എന്നാണ് യുക്രൈന്റെ വാദം. മലയാളികൾ അടക്കം അറുനൂറു വിദ്യാർഥികൾ ഇപ്പോഴും സുമിയിൽ കുടുങ്ങി കിടക്കുന്നു എന്നാണ് കേന്ദ്ര സർക്കാരിന്റെ അനൗദ്യോഗിക കണക്ക്.