
കീവ്: കീവ് പിടിച്ചെടുക്കാനുള്ള റഷ്യന്‍ ലക്ഷ്യത്തില്‍ നാലാം ദിനവും യുക്രൈന്‍ (Ukraine) സംഘര്‍ഷഭരിതം. യുക്രൈനെ കൂടുതല്‍ കടന്നാക്രമിച്ച് ഞെരുക്കുകയാണ് റഷ്യ (Russia) . റിവ്നെയിലും വൊളൈനിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. റഷ്യന്‍ സൈനിക മുന്നേറ്റം തടയാനുള്ള ശ്രമത്തിന്‍റെ ഭാഗമായി 37 ,000 സാധാരണക്കാരെ പട്ടാളത്തിന്‍റെ ഭാഗമാക്കിയിരിക്കുകയാണ് യുക്രൈന്‍. പൌരന്മാരെ കരുതല്‍ സേനയുടെ ഭാഗമാക്കി പോരിനൊരുക്കുകയാണ് യുക്രൈന്‍. ഒഡേസയില്‍ യുക്രൈന്‍ വ്യോമകേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമായെന്ന് യുക്രൈന്‍ അവകാശപ്പെട്ടു. ഒഖ്തിര്‍ക്കയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. കൊല്ലപ്പെട്ടവരില്‍ ആറ് വയസുകാരിയുമുണ്ട്.
യുക്രൈനിലെ കീവിലും കാര്‍കീവിലും ഉഗ്രസ്ഫോടനങ്ങള്‍ റഷ്യ നടത്തി. ജനവാവസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തുകയാണ്. കാർകീവിലെ അപ്പാർട്ട്മെന്‍റിന് നേരെ സൈന്യം വെടിയുതിര്‍ത്തതായും ഇതില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായുമാണ് പുറത്തുവരുന്ന വിവരം. ഒന്‍പത് നില കെട്ടിടത്തിന് നേരെയാണ് വെടിവെപ്പുണ്ടായത്. ശനിയാഴ്ച്ച രാത്രി മുതൽ കാർകീവിൽ കനത്ത വെടിവപ്പാണ് നടക്കുന്നത്. കീവ് പിടിച്ചെടുക്കാൻ അവസാന തന്ത്രവും പയറ്റുകയാണ് റഷ്യ. വീടുകൾക്കും പാർപ്പിട സമുച്ചയങ്ങൾക്കും എതിരായ വ്യോമാക്രമണം ശക്തമാക്കി. ജനം ബങ്കറുകളിലും മെട്രോ സബ്‍വേകളിലും അഭയം തേടുന്നതിനാൽ ആൾ അപായം കുറവാണ്. നാട്ടുകാരിൽ നിന്ന് ആയുധങ്ങൾ തിരികെ വാങ്ങണണമെന്ന് യുക്രൈനോട് ആവശ്യപ്പെട്ട റഷ്യ അല്ലെങ്കിൽ ഭവിഷ്യത്ത് ഏറെയായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി. തന്ത്രപ്രധാന മേഖലകൾ പിടിച്ചെടുക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിലും ലക്ഷ്യമിട്ട് പ്രസിഡന്‍റിനെ കീഴടങ്ങാൻ നിർബന്ധിതരാക്കുകയാണ് റഷ്യൻ ലക്ഷ്യം. അതിനിടയിൽ സ്വന്തം രാജ്യത്തെ പ്രതിഷേധങ്ങളെ അറസ്റ്റിലൂടെ നേരിടുകയാണ് റഷ്യ.
ഇന്ത്യക്കാരുമായി മൂന്നാം വിമാനം ദില്ലിയില്‍, 25 മലയാളികളടക്കം 240 പേര്‍ വിമാനത്തില്‍
ദില്ലി: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനമാണെത്തിയത്. യുക്രൈനിൽ നിന്നുള്ള 25 മലയാളികളടക്കം 240 പേർ വിമാനത്തിലുണ്ട്. രക്ഷാദൌത്യത്തിലെ രണ്ടാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് ഇന്ന് പുലർച്ചെയോടെ ദില്ലിയിലെത്തിയിരുന്നു. 29 മലയാളികൾ ഉൾപ്പെടുന്ന സംഘമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്താവളത്തിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്. പിന്നീട് ഇവരെ കേരള ഹൗസിലേക്ക് മാറ്റി.
ഇതിൽ മലയാളികളെ കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും ആണ് അയക്കുന്നത്. 16 പേർ വിമനത്താവളത്തിൽ നിന്ന് നേരെ കൊച്ചിയിലേക്ക് പോയി. തിരിവനന്തപുരത്തേക്ക് ഉള്ളവർ വൈകുന്നേരമാവും ദില്ലിയിൽ നിന്ന് യാത്ര തിരിക്കുക. തിരികെ എത്തിയ മലയാളികളിൽ ഒരാൾ ദില്ലിയിലാണ് താമസം. മലയാളികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നാട്ടിലേക്ക് സൗജന്യയാത്ര ഏര്‍പ്പടുത്തിയിട്ടുണ്ട്. തിരുവന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലാകും ഇവരെ എത്തിക്കുക. യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇന്നലെയാണ് കേന്ദ്ര സർക്കാർ ഓപ്പറേഷൻ ഗംഗക്ക് തുടക്കമിട്ടത്. റൊമേനിയയില്‍ നിന്ന് 219 പേരുടെ സംഘത്തെയാണ് ആദ്യം മുംബൈയില്‍ എത്തിച്ചത്. ഈ സംഘത്തിൽ 27 പേർ മലയാളികളായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam