Ukraine Crisis : റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല, ആവശ്യം തള്ളി യുഎസ്

Published : Mar 04, 2022, 12:49 AM IST
Ukraine Crisis : റഷ്യയുടെ യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം നീക്കില്ല, ആവശ്യം തള്ളി യുഎസ്

Synopsis

തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം തുടങ്ങിയ റഷ്യയുടെ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയുടെ സ്ഥിരാംഗത്വം റദ്ദാക്കണമെന്ന് യുക്രൈൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. 

ജനീവ/ വാഷിംഗ്ടൺ: യുഎൻ രക്ഷാസമിതിയുടെ സ്ഥിരാംഗത്വത്തിൽ നിന്ന് റഷ്യയെ നീക്കണമെന്ന യുക്രൈനിന്‍റെ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക. അത്തരമൊരു നീക്കം അംഗീകരിക്കാനാകില്ല. ഇക്കാര്യമാവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ നടത്തിയ പ്രസ്താവന അമേരിക്ക തള്ളിക്കളഞ്ഞു. 

സ്വിറ്റ്‍സർലൻഡിലെ ജനീവയിൽ യുദ്ധരംഗത്തുള്ള രാജ്യങ്ങൾ ആയുധം താഴെ വയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന യോഗത്തിലാണ് ദിമിത്രോ കുലേബ റഷ്യയ്ക്കെതിരെ ആഞ്ഞടിച്ചത്. തങ്ങളുടെ രാജ്യത്തേക്ക് കടന്നുകയറി യുദ്ധം തുടങ്ങിയ റഷ്യയുടെ നീക്കത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയുടെ സ്ഥിരാംഗത്വം റദ്ദാക്കണമെന്ന് യുക്രൈൻ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. 

''അന്താരാഷ്ട്രനിയമങ്ങൾ പരിശോധിച്ചാൽ, യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം കയ്യാളുന്ന റഷ്യയുടെ സ്ഥാനം നിയമവിരുദ്ധമാണെന്ന് തെളിയും. റഷ്യയുടെ നീക്കം ഒരു തരത്തിലും അംഗീകരിക്കാനാവുന്നതല്ല. പ്രതിരോധിക്കുകയാണ് യുക്രൈൻ ചെയ്യുന്നത്. പ്രത്യാക്രമണം ഞങ്ങളൊരിക്കലും നടത്തിയിട്ടില്ല'', വീഡിയോ സന്ദേശത്തിൽ യുക്രൈൻ വിദേശകാര്യമന്ത്രി പറഞ്ഞു. 

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ അപലപിച്ച് യുഎന്‍ രക്ഷാ സമിതിയില്‍ വെള്ളിയാഴ്ച അവതരിപ്പിച്ച പ്രമേയം പാസായിരുന്നില്ല. യുഎസും അല്‍ബേനിയയും ചേര്‍ന്നവതരിപ്പിച്ച പ്രമേയത്തെ 15 അംഗസമിതിയിലുള്ള 11 രാജ്യങ്ങൾ അനുകൂലിച്ചെങ്കിലും സ്ഥിരാംഗമെന്ന നിലയിൽ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പാസ്സായില്ല. ഈ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ, യുഎഇ, ചൈന എന്നീ രാജ്യങ്ങൾ വിട്ടുനിൽക്കുകയും ചെയ്തു. 

അതേസമയം, റഷ്യ യുക്രൈനില്‍ നിന്ന് പിന്‍മാറണമെന്ന പ്രമേയം മാർച്ച് രണ്ടിന് യുഎന്‍ പൊതുസഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയിരുന്നു. 141 - 5 എന്ന വോട്ടുനിലയിലാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യ ഇത്തവണയും വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു. 

റഷ്യ, ബെലാറൂസ്, വടക്കൻ കൊറിയ, സിറിയ, എറിത്രിയ എന്നീ രാജ്യങ്ങളാണ് പ്രമേയത്തെ എതിർത്തത്. ഇന്ത്യക്ക് പുറമേ ഇറാനും ചൈനയും പാകിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും വോട്ടെടുപ്പിൽ വിട്ടുനിന്നു. എന്നാൽ നേപ്പാൾ, ഭൂട്ടാൻ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. മുൻ സോവിയറ്റ് റിപ്പബ്ലിക്കുകളായ കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ, അർമേനിയ, താജിക്കിസ്ഥാൻ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 

യുക്രൈന്‍ വിഷയത്തില്‍ യുഎന്നിലെ വോട്ടെടുപ്പില്‍ നിന്ന് നാലാം തവണയാണ് ഇന്ത്യ മാറി നിൽക്കുന്നത്. യുക്രൈനിൽ അതിവേഗം വഷളാകുന്ന യുദ്ധസ്ഥിതിയിൽ ഇന്ത്യ ആശങ്കാകുലരാണെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി പറഞ്ഞു.

''വെടിനിർത്തൽ അടിയന്തരമായി നടപ്പാക്കണമെന്ന അന്താരാഷ്ട്രസമൂഹത്തിന്‍റെ ആഹ്വാനത്തെ ഇന്ത്യയും പിന്തുണയ്ക്കുന്നു. നയതന്ത്രത്തിലൂടെയും ചര്‍ച്ചയിലൂടെയും മാത്രമേ പ്രശ്നങ്ങള്‍ പരിഹരിക്കാനാകൂ എന്ന നയത്തിൽ ഇന്ത്യ ഉറച്ച് നിൽക്കുകയാണ്. യുക്രൈനും റഷ്യയും തമ്മിൽ ഇനി നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും ഉള്‍പ്പടെ ഇന്ത്യ ഇതിനകം തന്നെ യുക്രൈനിലേക്ക് പരമാവധി മാനുഷിക സഹായം അയച്ചിട്ടുണ്ട്'', തിരുമൂര്‍ത്തി വ്യക്തമാക്കി.

യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കവേ നൂറ് കണക്കിന് റഷ്യൻ പട്ടാളക്കാർ കൊല്ലപ്പെട്ടെന്ന് മോസ്കോ തന്നെ സ്ഥിരീകരിച്ചിരുന്നു. നിരവധി യുക്രൈനിയൻ പൗരൻമാരും വിവിധ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർക്ക് പരിക്കേറ്റു. വെറും ഏഴ് ദിവസത്തിനകം 10 ലക്ഷത്തോളം അഭയാർത്ഥികളാണ് യുക്രൈൻ വിട്ട് പലായനം ചെയ്തത്. റഷ്യയ്ക്ക് എതിരെ യുദ്ധക്കുറ്റം ചുമത്തുന്ന കാര്യം ആലോചിക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായകോടതിയും വ്യക്തമാക്കിയിരുന്നു. 

പലായനം ചെയ്യുന്ന യുക്രൈനിയൻ പൗരൻമാർക്ക് സുരക്ഷയൊരുക്കുമെന്ന് അതേസമയം യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. റൊമാനിയയിൽ ഒരു വലിയ സഹായക്യാമ്പ് ഒരുക്കാനും യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. അതിർത്തി കടന്നെത്തുന്നവർക്ക് സഹായം ഉറപ്പ് നൽകാനുള്ള ഒരു താൽക്കാലിക സുരക്ഷാ സംവിധാനം ഒരുക്കാനാണ് ഇയുവിന്‍റെ ആഭ്യന്തരമന്ത്രിമാർ നടത്തിയ കൂടിക്കാഴ്ചയിലുണ്ടായ തീരുമാനം. 

ഇതനുസരിച്ച് യുക്രൈനിൽ നിന്ന് വരുന്ന ഓരോ പൗരനും ഒരു വർഷത്തേക്ക് റെസിഡൻസ് പെർമിറ്റും, ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനുമുള്ള അനുമതിയും താൽക്കാലികമായി നൽകും. അതിന് ശേഷം ആറ് മാസം കൂടുമ്പോൾ ഈ പെർമിറ്റ് പുതുക്കണം. ഇതാണ് നിലവിലെ തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെടിയുതിർക്കുന്ന അക്രമിയെ വെറും കൈയോടെ കീഴ്പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങി, ഓസ്ട്രേലിയയുടെ ഹീറോയായി അഹമ്മദ് അൽ അഹമ്മദ്, പ്രശംസിച്ച് ലോകം
'സീറോ ഡേ' ആക്രമണം തുടങ്ങി, ഫോൺ അപ്‍ഡേറ്റ് ചെയ്തില്ലെങ്കിൽ കാത്തിരിക്കുന്നത് മുട്ടൻ പണി, മുന്നറിയിപ്പുമായി കമ്പനികൾ