
അങ്കാറ: രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ഇരു രാജ്യങ്ങളുടെ പ്രതിനിധികളേ ഒരു അന്താരാഷ്ട്ര വേദിയില്‍ തമ്മില്‍ തല്ലിലേക്ക് നയിച്ച വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കോണമിക് കമ്മ്യൂണിറ്റിയുടെ 61-ാമത് പാർലമെന്ററി സമ്മേളനത്തിലാണ് വൈറലായ തല്ല് നടന്നത്. വ്യാഴാഴ്ച സമ്മേളന വേദിയിൽ വച്ച് യുക്രെയ്ൻ എം പി ഒലക്സാണ്ടർ മാരിക്കോവ്സ്ക്കിയുടെ കയ്യിൽ നിന്നും യുക്രെയിനിന്റെ ദേശീയ പതാക റഷ്യൻ പ്രതിനിധി തട്ടിപ്പറിച്ചതായിരുന്നു തല്ല് തുടങ്ങാനുള്ള കാരണം.
പതാക തട്ടിപ്പറിച്ച റഷ്യൻ പ്രതിനിധിയെ യുക്രെയ്ൻ എം പി പിന്നാലെയെത്തി അടിക്കുകയും പതാക തിരിച്ചു വാങ്ങുകയും ചെയ്തു. സമ്മേളനത്തിനെത്തിയ മറ്റു പ്രതിനിധികൾ ഇരുവരെയും പിടിച്ചു മാറ്റുന്നത് വിഡിയോയിൽ കാണാം. യുക്രൈന്‍റെ തല്ല് വാങ്ങിയ റഷ്യൻ പ്രതിനിധി ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒലക്സാണ്ടർ മാരിസ്ക്കോവ്സ്ക്കിയും മറ്റു പ്രതിനിധികളും ഈ വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്. റഷ്യയും യുക്രെയ്നും തമ്മിൽ കടുത്ത സംഘർഷം നിലനിൽക്കെയാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനെ ലക്ഷ്യം വച്ച് യുക്രെയ്ൻ ഡ്രോൺ അറ്റാക്ക് നടത്തിയെന്നും ആ ഡ്രോണുകൾ തങ്ങൾ വെടിവച്ചിട്ടെന്നും റഷ്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും റഷ്യയുടെ നാടകമാണിതെന്നും യുക്രെയ്ൻ പ്രതികരിച്ചിരുന്നു.
റഷ്യയും യുക്രൈനും അംഗങ്ങളായ ബ്ലാക്ക് സീ ഇക്കണോമിക് കമ്യൂണിറ്റി രൂപീകൃതമായത് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. കരിങ്കടല്‍ മേലയില്‍ സമാധാനത്തിലൂന്നിയ പുരോഗതി ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ബ്ലാക്ക് സീ ഇക്കണോമിക് കമ്യൂണിറ്റിയുടേത്. യുക്രൈന്‍ ദേശീയ പതാകയ്ക്കൊപ്പം ചിത്രമെടുക്കുകയായിരുന്ന പ്രതിനിധിയുടെ പക്കല്‍ നിന്നാണ് റഷ്യന്‍ പ്രതിനിധി പതാക തട്ടിപ്പറിക്കുന്നത്. ഇയാള്‍ ഏറെ ദൂരം പോകുന്നതിന് മുന്‍പ് യുക്രൈന്‍ എംപി ഇയാളെ പിന്തുടര്‍ന്നെത്തി തല്ലുന്നത്. വലിയൊരു സംഘര്‍ഷത്തിലേക്ക് പോവുന്നതിന് മുന്‍പ് സമ്മേളന വേദിയിലുണ്ടായിരുന്ന സുരക്ഷാ അംഗങ്ങളും പ്രതിനിധികളും ചേര്‍ന്ന് ഇരുവരേയും പിടിച്ച് മാറ്റുകയായിരുന്നു.