
ജറുസലേം: ഇസ്രായേലിലെ അന്തര്‍ദേശീയ സംഗീത മത്സരമായ യൂറോവിഷന്‍ സോങ് കോണ്ടസ്റ്റിനെ സംബന്ധിച്ച് നടന്ന പ്രതിഷേധത്തിനിടെ യാഥാസ്ഥിതിക ജൂതന്മാര്‍ ജറുസലേമില്‍ പൊലീസുമായി ഏറ്റുമുട്ടി. ജൂതമത വിശ്വാസികളുടെ പുണ്യദിവസമായ ഷബാത്ത് ദിനത്തില്‍ മത്സരം സംഘടിപ്പിച്ചതിനെതിരെയാണ് ജൂതമത വിശ്വാസികള്‍ തെരുവില്‍ പ്രതിഷേധിച്ചത്. എന്നാല്‍ പ്രതിഷേധത്തിനെതിരെ ഒരു സംഘം സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി തെരുവിലിറങ്ങിയതോടെ യാഥാസ്ഥിതികരായ ജൂതമത വിശ്വാസികള്‍ പ്രതിഷേധത്തില്‍ നിന്നും പിന്തിരിഞ്ഞു.
ജൂതമത വിശ്വാസികളുടെ സംസാരഭാഷയായ യിദ്ദിഷില്‍ ഷാബ്സ് എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം നടന്നത്. പ്രക്ഷുബ്ദരായ പ്രതിഷേധക്കാര്‍ ജറുസലേമിലെ ഹാനിവീം തെരുവ് കൈയ്യടക്കിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷമുണ്ടായതോടെ പ്രതിഷേധക്കാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്ത്രീകള്‍ അര്‍ദ്ധനഗ്നരായി തെരുവിലിറങ്ങിയതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്. യാഥാസ്ഥിതികരായ ജൂതമത വിശ്വാസികള്‍ക്ക് മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാത്ത സ്ത്രീകളെ കാണുന്നതിന് പോലും വിലക്കുണ്ട്.
ടെല്‍ അവീവില്‍ വച്ചാണ് ഇത്തവണ യൂറോവിഷന്‍ മത്സരം സംഘടിപ്പിച്ചത്. ഷബാത്ത് ദിവസം സൂര്യാസ്തമയത്തിന് ശേഷമാണ് മത്സരം ആരംഭിച്ചതെങ്കിലും തയ്യാറെടുപ്പുകള്‍ ദിവസം മുഴുവന്‍ നീണ്ടുനിന്നതാണ് ജൂതമതവിശ്വാസികളെ ചൊടിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam