വിർച്വൽ ജനറൽ അസംബ്ലി സംഘടിപ്പിക്കാനൊരുങ്ങി യുഎന്‍; കൊവിഡിൽ തിളക്കം നഷ്ടപ്പെട്ട് 75ാം വാർഷികം

By Web TeamFirst Published Jul 23, 2020, 4:48 PM IST
Highlights

എല്ലാ വർഷത്തേയും പോലെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുളള ലോകനേതാക്കളും മന്ത്രിമാരും മാധ്യമങ്ങളും ഇത്തവണ ന്യൂയോർക്ക് ന​ഗരത്തിലേക്ക് എത്തുകയില്ല. 

ന്യൂയോർക്ക്: സെപ്റ്റംബറിൽ നടക്കുന്ന ജനറൽ അസംബ്ളി വിർച്വലായി നടത്താൻ തീരുമാനിച്ച് ഐക്യരാഷ്ട്ര സംഘടന. 75 വർഷത്തിലാദ്യമായിട്ടാണ് ഇത്തരമൊരു നീക്കമെന്ന് നേതാക്കൾ വ്യക്തമാക്കി. കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാഷ്ട്രത്തലവൻമാർക്ക് പങ്കെടുക്കാൻ സാധിക്കില്ല. പകരം മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകളായിരിക്കും സമർപ്പിക്കുക. യുഎൻ പൊതുസഭയുടെ 75ാമത് സെഷൻ സെപ്റ്റംബർ 15നാണ് ആരംഭിക്കുക. 

193 അം​ഗരാജ്യങ്ങളിലെ നേതാക്കൻമാരും മന്ത്രിമാരും സംസാരിക്കുന്നതോടെ ഏകദേശം ഒരാഴ്ച വരെ ഈ കൂട്ടായ്മ നീണ്ടുനിൽക്കും.   ഓരോ അം​ഗരാജ്യത്തിനും നിരീക്ഷക സംസ്ഥാനത്തിനും യൂറോപ്യൻ യൂണിയനും അവരുടെ സംസ്ഥാന മേധാവി, വൈസ് പ്രസിഡന്റ്, കിരീടാവകാശി, സർക്കാർ മേധാവി, മന്ത്രിമാർ ഉപമന്ത്രിമാർ എന്നിവരുടെ മുൻകൂട്ടി തയ്യാറാക്കിയ വീഡിയോ പ്രസ്താവനകൾ സമർപ്പിക്കാമെന്ന് ബുധനാഴ്ച ചേർന്ന പൊതുസഭ തീരുമാനിച്ചു. എല്ലാ വർഷത്തേയും പോലെ ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുളള ലോകനേതാക്കളും മന്ത്രിമാരും മാധ്യമങ്ങളും ഇത്തവണ ന്യൂയോർക്ക് ന​ഗരത്തിലേക്ക് എത്തുകയില്ല. 

ജൂലൈ 20നാണ് യുഎൻ ആസ്ഥാനം തുറന്ന് പ്രവർത്തിക്കാനുള്ള ആദ്യഘട്ടം ആരംഭിക്കുന്നത്. 400 പേരിൽ കൂടുതൽ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. സാമൂഹിക അകലം പാലിക്കുന്നതിനും കൊവിഡ് ബാധയുടെ സാധ്യത കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. സെപ്റ്റംബർ 21 നാണ് 75ാം വാർഷികത്തിന്റെ ഭാ​ഗമായിട്ടുള്ള പൊതുസമ്മേളനം നടക്കുക. അസംബ്ളി മാനദണ്ഡങ്ങളനുസരിച്ച് പൊതുസമ്മേളനത്തിന്റെ തുടക്കത്തിൽ പൊതുചർച്ച സംഘടിപ്പിക്കും. അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് മാർച്ച് മുതൽ എല്ലാ ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളും യുഎൻ ആസ്ഥാനത്ത് നിലവിലുണ്ട്. യുഎൻ യോ​ഗങ്ങളും വെബ്ബിനാറുകളും നടത്തുന്നത് ഇവ വഴിയാണ്. 
 

click me!