റഷ്യ 2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ പൂർണ തോതിൽ ആക്രമണം തുടങ്ങിയ ശേഷം ഉയർന്ന സൈനിക ഉദ്യോഗസ്ഥരും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും മോസ്കോയിൽ കൊല്ലപ്പെട്ടിരുന്നു
മോസ്കോ: റഷ്യയിലെ മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു. തിങ്കളാഴ്ച കാറിന് അടിയിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് ലഫ്.ജനറൽ ഫാനിൽ സർവരോവ് കൊല്ലപ്പെട്ടതായാണ് റഷ്യയുടെ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റി വിശദമാക്കിയത്. റഷ്യൻ തലസ്ഥാനത്ത് ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ മുതിർന്ന സൈനിക ഉദ്യോഗസ്ഥനാണ് ഫാനിൽ സർവരോവ്. സായുധ സേനയുടെ പരിശീലന വിഭാഗത്തിന്റെ ചുമതലയിലുള്ള ഉദ്യോഗസ്ഥനായിരുന്നു 56കാരനായ ഫാനിൽ സർവരോവ്. യുക്രൈൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് ഫാനിൽ സർവരോവിന്റെ കാറിൽ ബോംബ് വച്ചതെന്നാണ് റഷ്യ ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ യുക്രൈൻ പ്രതികരിച്ചിട്ടില്ല.
പൂർണമായി തകർന്ന് കിയ സൊറെന്റോ, ഡ്രൈവർക്കും ദാരുണാന്ത്യം
സ്ഫോടനത്തിലെ പരിക്കുകൾക്ക് പിന്നാലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഫാനിൽ സർവരോവ് മരണത്തിന് കീഴടങ്ങിയത്. കിയ സോറെന്റോ കാറാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ കാറിന്റെ ഡോറുകൾ പൂർണമായി തകർന്ന നിലയിലാണ് ഉള്ളത്. റഷ്യ 2022 ഫെബ്രുവരിയിൽ യുക്രൈനെതിരെ പൂർണ തോതിൽ ആക്രമണം തുടങ്ങിയ ശേഷം ഉയർന്ന സൈനിക ഉദ്യോഗസ്ഥരും മറ്റ് ചില ഉന്നത ഉദ്യോഗസ്ഥരും മോസ്കോയിൽ കൊല്ലപ്പെട്ടിരുന്നു. ഏപ്രിൽ മാസത്തിൽ ഉണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ ജനറൽ യാരോസ്ലാവ് മൊസ്കാലിക് കൊല്ലപ്പെട്ടിരുന്നു. 2024 ഡിസംബറിലുണ്ടായ സ്ഫോടനത്തിൽ മറ്റൊരു ജനറലായ ഇഗോ കിരിലോവും കൊല്ലപ്പെട്ടിരുന്നു. ഇഗോ കിരിലോവിനെ അപായപ്പെടുത്തിയത് യുക്രൈൻ സുരക്ഷാ സർവ്വീസ് ആണെന്ന് പിന്നീട് സ്ഥിരീകരണം ഉണ്ടായിരുന്നു.
മോസ്കോയിലെ യസീനേവ സ്ട്രീറ്റിൽ പാർക്കിങ് ഏരിയയിൽ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് കാർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ ഫാനിൽ സർവരോവിന്റെ ഡ്രൈവറും കൊല്ലപ്പെട്ടിട്ടുണ്ട്. സിറിയൻ പ്രസിഡന്റായിരുന്ന ബഷാർ അൽ അസദിനെ പിന്തുണച്ച് സിറിയയിൽ നടന്ന റഷ്യൻ സൈനിക നീക്കങ്ങളിൽ ഫാനൽ സർവറോവ് പങ്കാളിയായിരുന്നുവെന്ന് റഷ്യൻ ഔദ്യോഗിക മാധ്യമം വിശദമാക്കിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നാണ് റഷ്യൻ അധികൃതർ വിശദമാക്കുന്നത്.


