കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ സഹായിച്ച സിഗരറ്റ് ലൈറ്റര്‍!

By Web TeamFirst Published Jun 4, 2019, 10:17 PM IST
Highlights

തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൊലപാതകത്തിന്‍റെ ചുരുളുകളാണ് സിഗരറ്റ് ലൈറ്ററിലൂടെ പൊലീസിന് മുമ്പിലെത്തിയത്.

പാരിസ്: റോഡരുകില്‍ നിന്നും അഴുകിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞ ഒരു മൃതദേഹം കണ്ടെത്തുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പൊലീസിന് മൃതദേഹം ആരുടേതെന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. ഒടുവില്‍ മൃതദേഹത്തിന്‍റെ ട്രൗസറില്‍ ഉണ്ടായിരുന്ന ഒരു സിഗരറ്റ് ലൈറ്റര്‍ പൊലീസിന് നല്‍കിയത് നിര്‍ണ്ണായക വിവരങ്ങള്‍. തെളിയിക്കപ്പെടാതെ പോകുമായിരുന്ന ഒരു കൊലപാതകമാണ് സിഗരറ്റ് ലൈറ്ററിലൂടെ പൊലീസിന് മുമ്പിലെത്തിയത്.

ഫ്രാന്‍സിലെ വഴിയരികില്‍ നിന്നുമാണ് ചാക്കില്‍  പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്‍റെ ട്രൗസറിന്‍റെ പോക്കറ്റില്‍ ക്രോഗ് കഫേ എന്നെഴുതിയ ലൈറ്റര്‍ ഉണ്ടായിരുന്നു. ബെല്‍ജിയത്തിലെ ഒരു കഫേയാണ് ക്രോഗ്. തുടര്‍ന്ന് ഫ്രഞ്ച് പൊലീസ് ബെല്‍ജിയം പൊലീസുമായി ബന്ധപ്പെട്ടു. കാണാതായ ഇന്ത്യക്കാരന്‍ ദര്‍ശന്‍ സിങ്ങിനായി കഴിഞ്ഞ ജൂണ്‍ മുതല്‍ അന്വേഷണം നടത്തുകയാണെന്ന് ബെല്‍ജിയം പൊലീസ് അറിയിച്ചതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യക്തതയുണ്ടായി. 

ദര്‍ശന്‍റെ വീടിന് അടുത്താണ് ക്രോഗ് കഫേയെന്നും അന്വേഷണത്തില്‍ മനസിലായി. ഒടുവില്‍ ടൂത്ത് ബ്രഷില്‍ നിന്നും എടുത്ത ഡിഎന്‍എ സാമ്പിള്‍ പരിശോധിച്ചതോടെ ദ‍ര്‍ശന്‍ സിങ്ങിന്‍റെ മൃതദേഹമാണെന്ന് പൊലീസ് ഉറപ്പുവരുത്തി. ദര്‍ശന്‍ സിങ്ങിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തേ കസ്റ്റഡിയിലെടുത്ത മറ്റൊരു ഇന്ത്യക്കാരനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


 

click me!