'കശ്മീര്‍' ചര്‍ച്ച; പ്രസ്താവനയിറക്കില്ലെന്ന് യുഎന്‍ രക്ഷാസമിതി

By Web TeamFirst Published Aug 17, 2019, 10:00 AM IST
Highlights

അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതു പ്രസ്താവനയില്ലാത്തത്. 
 

ജനീവ: കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്തതു സംബന്ധിച്ച്  യു എന്‍ രക്ഷാസമിതി പ്രസ്താവനയിറക്കില്ല. അടച്ചിട്ട മുറിയില്‍ നടന്ന ചര്‍ച്ചയുടെ വിവരങ്ങള്‍ ഔദ്യോഗിക രേഖയാക്കാത്ത പശ്ചാത്തലത്തിലാണ് പൊതു പ്രസ്താവനയില്ലാത്തത്. 

ചര്‍ച്ചയില്‍ പങ്കെടുത്ത പതിനഞ്ചില്‍ പതിനാല് രാജ്യങ്ങളും ഇന്ത്യയെ പിന്തുണച്ചു. ചൈന മാത്രമാണ് പാകിസ്ഥാന്‍ അനുകൂല നിലപാടെടുത്തത്. ഇതോടെ കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ നടത്തിയ നീക്കം പാളി. കശ്മീര്‍ വിഷയം പരിഹരിക്കാന്‍  ബാഹ്യ ഇടപെടല്‍ ആവശ്യമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനുമായി ചര്‍ച്ചയാകാമെന്നാണ് ഇന്ത്യയുടെ നിലപാട്.

ഇന്ത്യ-പാക് പ്രശ്നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചാണ് ചര്‍ച്ച നടന്നത്.  കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി  തര്‍ക്ക പ്രദേശമായി പ്രഖ്യാപിച്ച കശ്മീരില്‍ ഇന്ത്യക്ക് എങ്ങനെ ഏകപക്ഷീയ നിലപാട് എടുക്കാനാകുമെന്നാണ് ചൈനയുടെ ചോദ്യം. 
 

click me!