തുരന്നുതുരന്നപ്പോള്‍ കണ്ടത് കൊട്ടാരം; നിധി വേട്ടക്കാരെ പിടിക്കാനെത്തിയ പൊലീസ് ഞെട്ടി!

Published : Jun 20, 2026, 04:12 PM IST
rome excavation

Synopsis

പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുറ്റവാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ കാഴ്ചകള്‍ പുരാവസ്തു ഗവേഷകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു.

റോം: ഇറ്റലിയുടെ തലസ്ഥാനമായ റോം നഗരത്തിനോട് ചേര്‍ന്ന ഉള്‍നാടുകളില്‍ നിധി വേട്ടക്കാര്‍ നടത്തിയ ഖനനത്തിനിടെ കണ്ടെത്തിയത് റോമന്‍ സാമ്രാജ്യ കാലത്തെ കൊട്ടാര സമാനമായ പുരാതന വില്ല. അതിമനോഹരമായ മൊസൈക് തറകളും അപൂര്‍വ്വ ശില്പങ്ങളും അടങ്ങുന്നതാണ് ഈ പുരാതന നിര്‍മ്മിതി. സര്‍ക്കാര്‍ ഭൂമിയില്‍ രാത്രികാലങ്ങളില്‍ സംശയകരമായ രീതിയില്‍ ഖനനം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് ഈ കണ്ടെത്തലിലേക്ക് വഴിതുറന്നത്.

റോമില്‍ നിന്ന് 12 മൈല്‍ അകലെയുള്ള കാസ്റ്റല്‍ ഡി ഗൈഡോ എന്ന ഗ്രാമത്തിലാണ് സംഭവം. ക്രിസ്തുവിന് മുന്‍പ് 27 മുതല്‍ എഡി അഞ്ചാം നൂറ്റാണ്ട് വരെയുള്ള റോമന്‍ സാമ്രാജ്യത്വ കാലത്ത് ലോറിയം എന്നറിയപ്പെട്ടിരുന്ന രാജകീയ പ്രദേശമായിരുന്നു ഇത്. ഹാഡ്രിയന്‍, അന്റോണിനസ് പയസ്, മാര്‍ക്കസ് ഔറേലിയസ് തുടങ്ങിയ പ്രമുഖ റോമന്‍ ചക്രവര്‍ത്തിമാര്‍ പതിവായി സന്ദര്‍ശിച്ചിരുന്ന ഇടം.

വേലി പൊളിച്ച് അകത്തുകയറിയ നിധി വേട്ടക്കാര്‍ മണ്ണുമാന്തി യന്ത്രങ്ങളും ഡ്രില്ലിംഗ് മെഷീനുകളും ഉപയോഗിച്ച് ഭൂമി തുരക്കുകയായിരുന്നു. ഭൂമിക്കടിയിലെ വലിയൊരു ഗുഹയായിരുന്നു അവരുടെ ലക്ഷ്യം. ദുരൂഹമായ സാചര്യത്തിലുള്ള ഖനനം ശ്രദ്ധയില്‍ പെട്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.   പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കുറ്റവാളികള്‍ ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അവിടെ കണ്ടെത്തിയ കാഴ്ചകള്‍ പുരാവസ്തു ഗവേഷകരെപ്പോലും ഞെട്ടിക്കുന്നതായിരുന്നു.

കറുപ്പും വെളുപ്പും നിറങ്ങളില്‍ ജ്യാമിതീയ രൂപങ്ങള്‍ കൊത്തിയെടുത്ത മൊസൈക് തറയോടു കൂടിയ വലിയൊരു ഹാളും, നടുമുറ്റവും മഴവെള്ളം ശേഖരിക്കാനുള്ള പ്രത്യേക സംവിധാനവും ഇവിടെ കണ്ടെത്തി. റോമന്‍ കാര്‍ഷിക ദൈവമായ സില്‍വാനസിന്റേത് എന്ന് കരുതുന്ന ഒരു പ്രതിമയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ഒരു കയ്യില്‍ ചെറിയൊരു മൃഗവും മറുകയ്യില്‍ പക്ഷികളുമായി നില്‍ക്കുന്ന രൂപത്തിലാണ് ഈ ശില്പം.

ഇത് വെറുമൊരു സാധാരണ വീടല്ലെന്നും, റോമന്‍ രാജകൊട്ടാരവുമായി അടുത്ത ബന്ധമുള്ള പ്രമുഖ പ്രഭുക്കന്മാരുടേതായിരുന്നു എന്നുമാണ് വില്ലയിലെ മൊസൈക് അലങ്കാരങ്ങളും മാര്‍ബിള്‍ വര്‍ക്കുകളും കാണിക്കുന്നതെന്ന് പുരാവസ്തു ഗവേഷകയായ അലസ്സിയ കോണ്ടിനോ പറഞ്ഞു. നിയമവിരുദ്ധ ഖനനം തടയാന്‍ കഴിഞ്ഞതിനൊപ്പം അന്റോണിന്‍ രാജവംശത്തിന്റെ കാലത്തുള്ള അതിമനോഹരമായ ഒരു വില്ലയുടെ അവശിഷ്ടങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനും സാധിച്ചതായി ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രി അലസാന്‍ഡ്രോ ഗിയുലി പറഞ്ഞു.

ഖനനം കാരണം പുരാതന നിര്‍മ്മിതിക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇവിടെ നിന്നും എന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ഇറ്റലിയിലെ പുരാതന കേന്ദ്രങ്ങള്‍ കൊള്ളയടിച്ച് ആഗോള വിപണികളില്‍ വില്‍ക്കുന്ന സംഘങ്ങള്‍ ഇവിടെ സജീവമാണ്. നിലവില്‍ ഈ പ്രദേശത്ത് ശാസ്ത്രീയ ഖനനവും പഠനങ്ങളും തുടരുകയാണ്.

പൊതുജനങ്ങള്‍ക്ക് ഈ അപൂര്‍വ്വ പുരാവസ്തു കേന്ദ്രം സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുമെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക മന്ത്രാലയം അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആഗോള വിപണയിൽ ഇന്ധനവില കുറഞ്ഞു; പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും കുറച്ച് പാക്കിസ്ഥാൻ, പ്രഖ്യാപനവുമായി ഷെഹ്ബാസ് ഷെരീഫ്
'എന്നോടൊപ്പം സെല്‍ഫി എടുക്കാന്‍ അവള്‍ യാചിച്ചു', ഇറ്റാലിയന്‍ പ്രസിഡന്റിന് ട്രംപിന്റെ പരിഹാസം; യുഎസ് സന്ദര്‍ശനം റദ്ദാക്കി വിദേശകാര്യമന്ത്രി