Jammu Kashmir| 'കശ്മീരിലേക്ക് യാത്ര ചെയ്യരുത്'; പൗരന്മാർക്ക് അമേരിക്കയുടെ നിർദേശം

By Web TeamFirst Published Nov 17, 2021, 10:50 AM IST
Highlights

തിങ്കളാഴ്ച ആണ് അമേരിക്ക ലെവൽ ത്രീ അഡ്വൈസറി പുറത്തിറക്കിയത്. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അതിവേഗം ഉയരുന്നുവെന്നും വിദേശ സഞ്ചാരികൾ ആക്രമിക്കപ്പെടാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ലഭിച്ചു എന്ന് നിർദേശത്തിൽ പറയുന്നു. 

വാഷിം​ഗ്ടൺ: കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാർക്ക് അമേരിക്ക (America) നിർദേശം നൽകി. ജമ്മു കശ്മീരിലേക്കും (Jammu Kashmir)  ഇന്ത്യ-പാക്  അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിലുമുള്ള സ്ഥലങ്ങളിലേക്കും നിലവിൽ യാത്ര ചെയ്യരുത് എന്നാണ് നിർദ്ദേശം. കശ്മീരിലെ സംഘർഷ സാഹചര്യം കണക്കിലെടുത്താണ് നിർദേശം.

തിങ്കളാഴ്ച ആണ് അമേരിക്ക ലെവൽ ത്രീ അഡ്വൈസറി പുറത്തിറക്കിയത്. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം അതിവേഗം ഉയരുന്നുവെന്നും വിദേശ സഞ്ചാരികൾ ആക്രമിക്കപ്പെടാൻ സാധ്യത ഉള്ളതായും മുന്നറിയിപ്പ് ലഭിച്ചു എന്ന് നിർദേശത്തിൽ പറയുന്നു. 

അതേസമയം, ജമ്മു കശ്മീർ സംഘർഷവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്ന് ഉന്നതതല യോഗം ചേരും. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനിടെ രണ്ട് വ്യവസായികൾ കൊല്ലപ്പെട്ട സംഭവം യോ​ഗത്തിൽ ചർച്ചയാകുമെന്നും റിപ്പോർട്ട് ഉണ്ട്. ഇന്നലെ ശ്രീനഗറിൽ സുരക്ഷാ സേന നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ രണ്ട് വ്യവസായികള്‍ ഉള്‍പ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. ഡോ. മുദാസിര്‍ ഗുല്‍, അല്‍താഫ് ഭട്ട് എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വ്യവസായികൾ. ഇവർ ഭീകരരെ സഹായിച്ചവരാണെന്നാണ് ജമ്മു കശ്മീർ  പൊലീസ് പറയുന്നത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകൾ  കണ്ടെടുത്തു. ഇരുവര്‍ക്കും ഏറ്റുമുട്ടല്‍ നടന്ന ഹൈദര്‍പോറയിലെ വാണിജ്യ സമുച്ചയത്തില്‍ കടകളുണ്ടായിരുന്നു. ഇവിടെ  പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തലുണ്ട്. 

അതേസമയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവശ്യപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട വ്യവസായികളുടെ കുടുംബം പൊലീസ് നടപടിക്ക് എതിരെ രംഗത്തെത്തിയിട്ടുമുണ്ട്.

പാകിസ്ഥാനെതിരെ കടുത്ത നിലപാട് എടുത്ത് ഇന്ത്യ

പാക് അധിനിവേശ കശ്മീരിൽ നിന്നടക്കം പാകിസ്ഥാൻ‌ ഒഴിയണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പാകിസ്ഥാൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങൾ ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. 

യുഎൻ സുരക്ഷ കൗൺസിൽ യോഗത്തിലാണ് നിലപാട് ഇന്ത്യ വ്യക്തമാക്കിയത്. സുരക്ഷ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ഡോ. കാജൽ ഭട്ടാണ് ഈ കാര്യം ഉന്നയിച്ചത്. കൗൺസിൽ ഓപ്പൺ ഡിബേറ്റിൽ പാക് പ്രതിനിധിയുടെ കശ്മീർ വിഷയത്തിലെ ആരോപണത്തിലാണ് ഇന്ത്യയുടെ ശക്തമായ മറുപടി. 
 

click me!