പാകിസ്ഥാന് തുടർച്ചയായി 'അജ്ഞാതന്റെ അടി'; പുതിയ ആക്രമണത്തിൽ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഫോടനത്തിൽ തകർത്തു

Published : Nov 01, 2025, 06:05 PM IST
Pakistan telephone exchange

Synopsis

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ അജ്ഞാതർ ടെലിഫോൺ എക്‌സ്‌ചേഞ്ച് സ്ഫോടനത്തിൽ തകർത്തു. ഈ സംഭവം, ഭീകരവാദത്തെച്ചൊല്ലി പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും താലിബാൻ്റെ മുന്നറിയിപ്പിൻറെയും പശ്ചാത്തലത്തിലാണ്.

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സായുധരായ അജ്ഞാതർ ടെലിഫോൺ എക്‌സ്‌ചേഞ്ച് കെട്ടിടം സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തു. തെക്കൻ വസീറിസ്ഥാൻ അതിർത്തിയിലുള്ള ലഖി മർവാത്ത് ജില്ലയിലാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ കെട്ടിടത്തിന് കനത്ത നാശനഷ്ടം സംഭവിച്ചെങ്കിലും ആളപായമില്ല.

പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടുത്തിടെയായി അഫ്ഗാനിസ്ഥാനോട് ചേർന്ന അതിർത്തി പ്രദേശങ്ങളിൽ സർക്കാർ കെട്ടിടങ്ങൾ, ഉദ്യോഗസ്ഥർ, സുരക്ഷാ സേന എന്നിവരെ ലക്ഷ്യമിട്ടുള്ള ഭീകരവാദി ആക്രമണങ്ങൾ പാകിസ്ഥാനിൽ വർധിച്ചിട്ടുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷം ഇരു രാജ്യങ്ങൾക്കുമിടയിലെ അതിർത്തിയായ ഡ്യൂറൻഡ് ലൈനിനെ വീണ്ടും വാർത്താ ശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്.

തുർക്കിയുടെ അധ്യക്ഷതയിൽ സമാധാന ചർച്ചകൾ നടന്നെങ്കിലും, ഖത്തർ പുറത്തിറക്കിയ വെടിനിർത്തൽ പ്രസ്താവനയിൽ ഡ്യൂറൻഡ് ലൈനിനെ 'അതിർത്തി' എന്ന് വിശേഷിപ്പിച്ചത് അഫ്ഗാൻ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചു. ആദ്യ പ്രസ്താവനയിൽ, "സഹോദര രാജ്യങ്ങൾക്കിടയിലെ അതിർത്തിയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ ഈ സുപ്രധാന നടപടി സഹായിക്കുമെന്ന്" ഖത്തർ പ്രതീക്ഷ പ്രകടിപ്പിച്ചു. എന്നാൽ, അഫ്ഗാൻ എതിർപ്പിനെ തുടർന്ന് പ്രസ്താവന പരിഷ്കരിച്ച് "സഹോദര രാജ്യങ്ങൾക്കിടയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ" എന്ന് തിരുത്തി.

പരസ്പര ആരോപണങ്ങളും താലിബാൻ മുന്നറിയിപ്പും

ഭീകരവാദികൾക്ക് അഫ്ഗാനിസ്ഥാൻ സഹായം നൽകുന്നതായാണ് പാകിസ്ഥാൻ്റെ പ്രധാന ആരോപണം. ഇതിനെത്തുടർന്ന് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ അതിർത്തി പ്രദേശങ്ങളിൽ ആക്രമണം നടത്തുകയും ഇരുവശത്തും ആൾനാശമുണ്ടാവുകയും ചെയ്തിരുന്നു. തുർക്കിയിൽ നടന്ന ചർച്ചയിൽ താൽക്കാലിക വെടിനിർത്തലിന് ധാരണയായെങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിലെ സംഘർഷം ശമിച്ചിട്ടില്ലെന്നാണ് പ്രസ്താവനകൾ വ്യക്തമാക്കുന്നത്. "അഫ്ഗാനിസ്ഥാൻ്റെ ക്ഷമയെ ദൗർബല്യമായി കണക്കാക്കരുത്," എന്ന് താലിബാൻ ആഭ്യന്തര മന്ത്രി സിറാജുദ്ദീൻ ഹഖാനി മുന്നറിയിപ്പ് നൽകി. "ഇനിയും പരീക്ഷണങ്ങൾക്ക് മുതിർന്നാൽ തിരിച്ചടി ശക്തമായിരിക്കും," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മുൻകൈയെടുക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു. നവംബറിൽ തുടർ ചർച്ചകൾ നടക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു