
ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള, സ്വർണം കൊണ്ട് നിർമിച്ച ടോയ്ലറ്റ് ലേലത്തിന് വച്ചിരിക്കുകയാണ് സോത്ത്ബീസ്. ഇറ്റാലിയൻ കലാകാരനായ മൗറീഷ്യോ കാറ്റെലൻ നിർമിച്ച ഈ ശിൽപ്പത്തിന് "അമേരിക്ക" എന്നാണ് പേരിട്ടിരിക്കുന്നത്. 2019 ൽ ഇംഗ്ലണ്ടിലെ ബ്ലെൻഹൈം കൊട്ടാരത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണ ടോയ്ലറ്റിന് സമാനമാണിതെന്നും പൂർണ്ണമായും പ്രവർത്തനക്ഷമമായ ടോയ്ലറ്റാണിതെന്നുമാണ് ലേലം ചെയ്യുന്ന സ്ഥാപനം സോത്ത്ബീസ് അവകാശപ്പെടുന്നത്. ഇത് നിർമിക്കാനായി 101.2 കിലോഗ്രാം സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത്. നവംബർ 18 ആണ് ലേലത്തിനുള്ള തീയതിയായി പ്രഖ്യാപിച്ചിട്ടുള്ളത്. ന്യൂയോർക്കിൽ ആണ് ലേലത്തിന് വക്കുന്നത്. സ്വർണത്തിന്റെ വിലയനുസരിച്ച് 10 മില്യൺ ഡോളർ അഥവാ ഏകദേശം 88,78,53,500 രൂപയാണ് പ്രാരംഭ വിലയായി വക്കുക.
ഇതിന് മുൻപും മൗറീഷ്യോ കാറ്റെലന്റെ ശിൽപങ്ങൾ വലിയ വിലക്ക് വിറ്റു പോയിട്ടുണ്ട്. "ഹിം" എന്ന് പേരിട്ടിട്ടുള്ള മുട്ടുകുത്തി നിൽക്കുന്ന അഡോൾഫ് ഹിറ്റ്ലറുടെ അസ്വസ്ഥമായ ശിൽപം 2016 ൽ 17.2 മില്യൺ ഡോളറിനാണ് ലേലത്തിൽ വിറ്റു പോയത്. എ ബനാന ഡക്റ്റ് ടേപ്പ്ഡ് ടു എ വാൾ എന്ന സൃഷ്ടി ഇക്കഴിഞ്ഞ വർഷം 6.2 മില്യൺ ഡോളറിനും വിറ്റ് പോയിരുന്നു. "അമേരിക്ക" എന്ന സൃഷ്ടിയിലൂടെ അമിതമായ സമ്പത്തിനെയാണ് താൻ പരിഹസിക്കുന്നുവെന്ന് കലാകാരൻ നേരത്തെ പറഞ്ഞിരുന്നു.200 ഡോളറിന്റെ ഉച്ചഭക്ഷണം കഴിച്ചാലും വെറുമൊരു ഹോട്ട് ഡോഗ് കഴിച്ചാലും ടോയ്‌ലറ്റിന്റെ കാര്യത്തിൽ എല്ലാം ഒരു പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. 2016 ൽ അമേരിക്ക എന്ന പേരിൽ ഇത്തരത്തിൽ രണ്ട് സ്വർണ ടോയ്ലറ്റുകൾ നിർമിച്ചിരുന്നു. അതിൽ ഒന്ന് 2017 മുതൽ പേര് വെളിപ്പെടുത്താത്ത ഒരു കളക്ടറുടെ ഉടമസ്ഥതയിലാണ്. രണ്ടാമത്തേത് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലെ ഒരു കുളിമുറിയിൽ പ്രദർശിപ്പിച്ചിരുന്നു. 100,000 ൽ അധികം സന്ദർശകർ ഇത് കാണാനെത്തിയെന്നാണ് കണക്ക്.
2019 ൽ വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലമായ ഇംഗ്ലീഷ് കൺട്രി മാനറായ ബ്ലെൻഹൈം കൊട്ടാരത്തിൽ ഇത് പ്രദർശനത്തിന് വച്ചു. ദിവസങ്ങൾക്കുള്ളിൽ അതിക്രമിച്ചു കയറിയ മോഷ്ടാക്കൾ ഇത് മോഷ്ടിക്കുകയായിരുന്നു. "അമേരിക്ക" നവംബർ 8 മുതൽ ലേലം വരെ സോത്ത്ബിയുടെ പുതിയ ന്യൂയോർക്ക് ആസ്ഥാനമായ ബ്രൂവർ ബിൽഡിംഗിലെ കുളിമുറിയിൽ പ്രദർശിപ്പിക്കും. സന്ദർശകർക്ക് ഇത് അടുത്ത് കാണാനാകും. ഗുഗ്ഗൻഹൈമിലും ബ്ലെൻഹൈം കൊട്ടാരത്തിലും, ടോയ്‌ലറ്റ് പ്ലംബിംഗ് സിസ്റ്റവുമായി ബന്ധിപ്പിച്ചിരുന്നു. അന്ന് സന്ദർശകർക്ക് 3 മിനിറ്റ് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനും ഉപയോഗിക്കാൻ അവസരവും ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ, സന്ദർശകർക്ക് ഇത് ഉപയോഗിക്കാൻ അനുവാദമില്ല. സന്ദർശനം നടത്തി മടങ്ങേണ്ടി വരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam