
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പിന്മാറ്റത്തിന് തൊട്ടുമുമ്പ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഏഴ് കുട്ടികളുള്‍പ്പെടെ കുടുംബത്തിലെ പത്ത് പേര്‍ കൊല്ലപ്പെട്ടതില്‍ ക്ഷമാപണവുമായി യുഎസ് രംഗത്തെത്തിയത് ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ചുള്ള അമേരിക്കയുടെ അവകാശവാദത്തെ ചോദ്യം ചെയ്യുന്നു. 2001ലെ അഫ്ഗാന്‍ അധിനിവേശത്തെ തുടര്‍ന്ന് അമേരിക്ക പ്രധാനമായി അവംലബിച്ച മാര്‍ഗമായിരുന്നു ആളില്ലാ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണ രീതി.ഡ്രോണ്‍ ആക്രമണങ്ങളുടെ കൃത്യത ചോദ്യം ചെയ്യപ്പെടുന്നതോടൊപ്പം നിരപരാധികള്‍ കൊല്ലപ്പെടാനുള്ള സാധ്യതയും വീണ്ടും ചര്‍ച്ചയാകുകയാണ്.
ഡ്രോണുകളുടെ ആക്രമണത്തില്‍ അഫ്ഗാനിലെയും പാകിസ്ഥാനിലെയും നിരവധി സിവിലിയന്മാര്‍ കൊല്ലപ്പെട്ടെന്നും ഡ്രോണ്‍ ആക്രമണം അവസാനിപ്പിക്കണമെന്നും അന്താരാഷ്ട്ര സമൂഹം നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അമേരിക്ക വഴങ്ങിയില്ല. ഡ്രോണുകളുടെ തെറ്റായ വിശകലന രീതിയുടെ ഒടുവിലത്തെ ഇരകളാണ് ഏഴ് കുട്ടികള്‍ ഉള്‍പ്പെടുന്ന പത്തംഗ കുടുംബം. അഫ്ഗാനിലും പാകിസ്ഥാനിലുമായി 71,000 സിവിലിയന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. ഇതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടത് ഡ്രോണ്‍ ആക്രമണത്തിലൂടെയാണ്.
ഐഎസ് ഭീകരവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് സന്നദ്ധപ്രവര്‍ത്തകനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുറ്റസമ്മതവും ക്ഷമാപണവും. ആക്രമണത്തില്‍ കുടുംബം കൊല്ലപ്പെട്ടത് വലിയ തെറ്റായിരുന്നെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് മക്കന്‍സി അറിയിച്ചു. കുടുംബത്തിന്റെ ബന്ധുക്കളോട് ക്ഷമ ചോദിക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസ്താവനയില്‍ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്ന കാര്യം പരിഗണിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഓഗസ്റ്റ് 29നായിരുന്നു സംഭവം. സന്നദ്ധപ്രവര്‍ത്തകനായ എസ്മറായി അഹമദി തന്റെ വാനില്‍ കുടിവെള്ള കാനുകള്‍ കയറ്റുമ്പോള്‍ സ്‌ഫോടക വസ്തുക്കളാണെന്ന് തെറ്റിദ്ധരിച്ച് ഡ്രോണ്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് യുഎസ് വ്യാപക വിമര്‍ശനം നേരിട്ടു. യുഎസ് ഡ്രോണ്‍ ആളുമാറി കൊല്ലപ്പെടുത്തിയത് അമേരിക്കന്‍ കമ്പനിക്കായി ജോലി ചെയ്തിരുന്ന എന്‍ജിനീയറെയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ന്യൂട്രിഷന്‍ ആന്‍ഡ് എജുക്കേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ സംഘടനയിലാണ് അക്മദി ജോലി ചെയ്തിരുന്നത്.
കാബൂള്‍ വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിട്ട ഐഎസ് ഖൊറാസാന്‍ ഭീകരവാദികളെയാണ് ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ചതെന്നായിരുന്നു യുഎസ് വിശദീകരണം. അഹമദി സഞ്ചരിച്ചിരുന്ന വെള്ള ടൊയോട്ട കാറിനെ എട്ട് മണിക്കൂര്‍ പിന്തുടര്‍ന്ന് നിരീക്ഷിച്ചായിരുന്നു ആക്രമണം നടത്തിയത്. പിന്നീട് മൂന്ന് നാട്ടുകാരാണ് മരിച്ചതെന്നും യുഎസ് വ്യക്തമാക്കി. എന്നാല്‍, ജനവാസ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ശരിവെക്കുന്നതാണ് യുഎസിന്റെ ഇപ്പോഴത്തെ ഏറ്റുപറച്ചില്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam