'ശത്രുതാപരമായ സമീപനം', റഷ്യയുടെ കനത്ത തിരിച്ചടി അമേരിക്ക നേരിടേണ്ടി വരും; ഉപരോധത്തിൽ മറുപടിയുമായി പ്രസിഡന്‍റ് പുടിൻ

Published : Oct 24, 2025, 09:51 AM IST
trump putin

Synopsis

അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്

മോസ്ക്കോ: അമേരിക്കയുടെ ഉപരോധത്തിന് മറുപടിയുമായി റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ. ഒരു സമ്മർദത്തിനും റഷ്യ വഴങ്ങില്ലെന്ന് പുടിൻ പ്രഖ്യാപിച്ചു. അമേരിക്കയുടേത് ശത്രുതാപരമായ സമീപനമാണെന്നും കനത്ത തിരിച്ചടി നൽകാൻ റഷ്യക്ക് അറിയാമെന്നും, അമേരിക്ക അത് നേരിടേണ്ടി വരുമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഉപരോധം റഷ്യയെ ബാധിക്കില്ലെന്നും പുടിൻ വ്യക്തമാക്കി. പുടിനുമായുള്ള കൂടിക്കാഴ്ച്ച റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപ് റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ചത്. റഷ്യയുടെ രണ്ട് വലിയ എണ്ണക്കമ്പനികൾക്ക് എതിരെ കടുത്ത ഉപരോധങ്ങളാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. യുക്രൈൻ ചർച്ചകളിൽ വ്ലാഡിമിർ പുടിൻ നേരും നെറിയും കാണിച്ചില്ലെന്ന് വിലയിരുത്തിയാണ് ട്രംപ് കടുത്ത നടപടികളിലേക്ക് കടന്നതെന്നാണ് യു എസ് ട്രഷറി സെക്രട്ടറി അറിയിച്ചത്.

കൂടുതൽ നടപടികൾ കൈക്കൊള്ളും

യുക്രെയ്ൻ - റഷ്യ വെടിനിർത്തൽ ചർച്ചകളിൽ പുരോഗതിയില്ലെന്ന് വൈറ്റ് ഹൗസ് നേരത്തെ നിരാശ പ്രകടിപ്പിച്ചിരുന്നു. 'ഈ അർത്ഥമില്ലാത്ത യുദ്ധം അവസാനിപ്പിക്കാൻ പ്രസിഡന്‍റ് പുടിൻ വിസമ്മതിച്ച സാഹചര്യത്തിൽ, റഷ്യയുടെ യുദ്ധത്തിന് ധനസഹായം നൽകുന്ന റഷ്യയിലെ ഏറ്റവും വലിയ രണ്ട് എണ്ണക്കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തുകയാണ്' - എന്നാണ് യു എസ് ട്രഷറി സെക്രട്ടറി അറിയിച്ചത്. റോസ്നെഫ്റ്റ്, ലൂക്കോയിൽ എന്നീ കമ്പനികൾക്ക് എതിരെ ഉപരോധം ഏർപ്പെടുത്തിയെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്‍റ് പ്രസ്താവനയിലൂടെ അറിയിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി 'ആവശ്യമെങ്കിൽ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ' ട്രഷറി തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി സംസാരിച്ച ബെസെന്റ് പറഞ്ഞത് ഈ നീക്കം 'റഷ്യക്കെതിരെ ഞങ്ങൾ നടത്തിയ ഏറ്റവും വലിയ ഉപരോധങ്ങളിൽ ഒന്നാണ്' - എന്നായിരുന്നു.

യൂറോപ്പിലും ഉപരോധം

'പ്രസിഡന്റ് പുടിൻ ഞങ്ങൾ പ്രതീക്ഷിച്ചതുപോലെ സത്യസന്ധമായും നേരോടെയും ചർച്ചകൾക്ക് വന്നിട്ടില്ല' - ട്രഷറി സെക്രട്ടറി പറഞ്ഞു. ഓഗസ്റ്റിൽ ഇരു നേതാക്കളും അലാസ്കയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നില്ലെന്ന് മനസ്സിലാക്കിയപ്പോൾ പ്രസിഡന്‍റ് ട്രംപ് ഇറങ്ങിപ്പോയി എന്നും ബെസെന്‍റ് പറഞ്ഞു. ചർച്ചകൾ നടന്നിട്ടുണ്ട്, പക്ഷേ ഈ ചർച്ചകൾ എത്തിനിൽക്കുന്ന അവസ്ഥയിൽ പ്രസിഡന്റ് ട്രംപ് നിരാശനാണെന്നം അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയാണെന്ന് യൂറോപ്യൻ യൂണിയനും ബുധനാഴ്ച അറിയിച്ചിരുന്നു. റഷ്യയിൽ നിന്നുള്ള ദ്രവീകൃത പ്രകൃതിവാതകം (എൽ എൻ ജി) 2027 ഓടെ ഇറക്കുമതി ചെയ്യുന്നത് നിരോധിക്കൽ, റഷ്യ ഉപയോഗിക്കുന്ന എണ്ണ ടാങ്കറുകളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തൽ, റഷ്യൻ നയതന്ത്രജ്ഞർക്ക് യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തൽ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

ട്രംപ് - ഷി കൂടിക്കാഴ്ച

അതിനിടെ ഈ മാസം 30 ന് ദക്ഷിണകൊറിയയിൽ നടക്കുന്ന ഉച്ചകോടിക്കിടെ ട്രംപ്, ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻ പിങിനെ കാണുമെന്ന കാര്യത്തിൽ തീരുമാനമായി. വീണ്ടും അധികാരത്തിൽ വന്നതിന് ശേഷം ആദ്യമായാണ് ട്രംപ് - ഷീ കൂടിക്കാഴ്ച നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാര പ്രശ്നങ്ങൾ നടക്കുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്.

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്