
ക്വാലാലംപൂർ: യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ മലേഷ്യയിൽ. പോർട്ട് ക്ലാങിലാണ് യുഎസ് കപ്പൽ എത്തിയത്. 12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു യുഎസ് കപ്പൽ മലേഷ്യയിലെത്തുന്നത്. 2012ൽ യുഎസ്എസ് ജോർജ് വാഷിംഗ്ടൺ ആണ് അവസാനമായി മലേഷ്യയിലെത്തിയ യുഎസ് കപ്പൽ. യുഎസ്എസ് എബ്രഹാം ലിങ്കൻ്റെ സന്ദർശനം ചൈനയെ ആശങ്കപ്പെടുത്തുന്നതായാണ് റിപ്പോർട്ട്.
പോർട്ട് ക്ലാങ് ക്രൂയിസ് ടെർമിനലിൽ യുഎസ് വിമാനവാഹിനിക്കപ്പലിനെ റോയൽ മലേഷ്യൻ നേവിയിലെ റിയർ അഡ്മിറൽ മുഹമ്മദ് അദ്സാം ഒമർ സ്വാഗതം ചെയ്തു. മലേഷ്യയിലെ യുഎസ് ഡിഫൻസ് അറ്റാഷെ, ക്യാപ്റ്റൻ പാസിത് സോംബൂൺപാക്രോൺ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. യുഎസ് കപ്പലിന്റെ വരവിനെ ചരിത്രപരമെന്നാണ് മലേഷ്യയിലെ യുഎസ് അംബാസഡർ എഡ്ഗാർഡ് ഡി കഗൻ വിശേഷിപ്പിച്ചത്. അമേരിക്ക മലേഷ്യയെ അത്രയേറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രാദേശിക സ്ഥിരതയ്ക്കും മലേഷ്യൻ പരമാധികാരത്തിനോടുമുള്ള പ്രതിബദ്ധതയാണ് ഇത് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് കപ്പലിന്റെ അപ്രതീക്ഷിത മലേഷ്യൻ സന്ദർശനം ചൈനയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. യുഎസ്എസ് എബ്രഹാം ലിങ്കൻ്റെ വരവ് യുഎസ്-മലേഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ദക്ഷിണ ചൈനക്കടലിലും തായ്വാനിലുമായി ചൈന പ്രകോപനങ്ങൾ തുടരുന്നതിനിടെയാണ് മലേഷ്യയിലേയ്ക്ക് യുഎസ് കപ്പൽ എത്തിയിരിക്കുന്നത്. ഏറ്റവും വികസിതമായ നാവിക ശേഷിയെയാണ് ഓരോ യുഎസ് കപ്പലും പ്രതിനിധീകരിക്കുന്നതെന്നും ജപ്പാൻ്റെയും പടിഞ്ഞാറൻ പസഫിക്കിൻ്റെയും സുരക്ഷയ്ക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന ഏറ്റവും നൂതനമായ നിക്ഷേപമാണിതെന്നും യുഎസ് ഏഴാം ഫ്ളീറ്റ് കമാൻഡർ വൈസ് അഡ്മിറൽ ഫ്രെഡ് കാച്ചെർ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam