മസൂദ് അസ്ഹര്‍, ഹാഫിസ് സയ്യിദ്, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച നടപടിക്ക് യുഎസ് പിന്തുണ

By Web TeamFirst Published Sep 5, 2019, 9:13 PM IST
Highlights

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അമേരിക്ക വ്യക്തമാക്കി.

വാഷിംഗ്ടണ്‍: യുഎപിഎ നിയമ ഭേദഗതി പ്രകാരം മസൂദ് അസ്ഹര്‍, ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്‍വി, ദാവൂദ് ഇബ്രാഹിം എന്നിവരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യയുടെ നടപടിക്ക് യുഎസ് പിന്തുണ. ബുധനാഴ്ചയാണ്  പുൽവാമ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനും ജയ്‍ഷെ മുഹമ്മദ് തലവനുമായ മസൂദ് അസ്ഹർ, ലഷ്‍കർ ഇ ത്വയ്യിബ നേതാവ് ഹാഫിസ് സയ്യിദ്, സാക്കിയുർ റഹ്മാൻ ലഖ്‍വി, 1993-ലെ മുംബൈ സ്ഫോടനത്തിന്‍റെ സൂത്രധാരനും അധോലോക നേതാവുമായ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്രസർക്കാർ ഭീകരരായി പ്രഖ്യാപിച്ചത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അമേരിക്ക വ്യക്തമാക്കി. തീവ്രവാദികളായ നാല് പേരെ ഭീകരരായി പ്രഖ്യാപിക്കാന്‍ നിയമം ഭേദഗതി വരുത്തിയത് ഭീകരവാദത്തിനെതിരായ യുഎസിന്‍റെയും ഇന്ത്യയുടെയും നീക്കത്തിന് തുണയാകുമെന്ന് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യ അസിസ്റ്റന്‍റ് സെക്രട്ടറി ആലീസ് ജി വെല്‍സ് അറിയിച്ചു.

കഴിഞ്ഞ ജൂലൈയിൽ പാസാക്കിയ യുഎപിഎ നിയമഭേദഗതി അനുസരിച്ച് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാമെന്ന ചട്ടപ്രകാരമാണ് കേന്ദ്രസർക്കാരിന്‍റെ നടപടി. ഭീകരസംഘടനകളുമായി ശക്തമായ ബന്ധമുള്ളതിന് തെളിവുകൾ ലഭിച്ചാൽ എൻഐഎക്ക് വ്യക്തികളുടെ സ്വത്ത് പിടിച്ചെടുക്കാനും ഭീകരരായി പ്രഖ്യാപിക്കാനുമുള്ള അനുവാദം നൽകുന്നതാണ് നിയമഭേദഗതി. ഇതിന് സംസ്ഥാന പൊലീസിന്‍റെ അനുമതി എൻഐഎയ്ക്ക് തേടേണ്ടതില്ല.

click me!