യുഎസും ചൈനയും കരാറിലെത്തിയതായി റിപ്പോർട്ട്, യുഎസ് ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കും, ടിക് ടോക്ക് നിരോധനം ഇല്ല

Published : Sep 16, 2025, 12:10 PM IST
tiktok

Synopsis

ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ ഒരു സുപ്രധാന കരാറിലെത്തിയതായി റിപ്പോർട്ട്. യു.എസ് ടിക് ടോക്ക് ഉപയോക്താക്കളുടെ ഡാറ്റാ സുരക്ഷ ഉറപ്പാക്കുന്ന ഈ കരാർ പ്രകാരം, വിവരങ്ങൾ ഒറാക്കിൾ പോലുള്ള യു.എസ് കമ്പനികളുടെ സെർവറുകളിൽ സൂക്ഷിക്കും

ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിൻപിംഗും തമ്മിൽ സംസാരിക്കും. അമേരിക്കയിൽ ടിക് ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം. യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ധാരണയാണ് പ്രധാന വിഷയം.

കരാർ പ്രകാരം, ടിക് ടോക്കിന്റെ യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനയിൽ സൂക്ഷിക്കില്ല. പകരം, ഒറാക്കിൾ പോലുള്ള യു.എസ്. കമ്പനികളുടെ സെർവറുകളിലേക്ക് ഈ വിവരങ്ങൾ മാറ്റും. ഇത് വഴി ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാനും, ചൈനീസ് സർക്കാരിന്റെ സ്വാധീനം ഒഴിവാക്കാനും സാധിക്കുമെന്നാണ് യു.എസ്. പ്രതീക്ഷിക്കുന്നത്. മാത്രമല്ല, ടിക് ടോക്കിന്റെ അൽഗരിതം അടക്കമുള്ള വിവരങ്ങൾ അമേരിക്കൻ അധികൃതർക്ക് പരിശോധിക്കാൻ അനുമതി നൽകാനും ഉടമ്പടിയിൽ വ്യവസ്ഥയുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്കിടെ, ഒരു പ്രധാന വിഷയത്തിൽ ധാരണയിലെത്തിയത് വലിയ നയതന്ത്ര വിജയമായാണ് വിലയിരുത്തപ്പെടുന്നത്. ചെറിയ വ‌ിഡിയോകൾ സൃഷ്ടിക്കുന്നതിനും പങ്കിടുന്നതിനുമായി ബൈറ്റ്ഡാൻസ് എന്ന ചൈനീസ് ഐടി കമ്പനി നിർമിച്ച ഒരു സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക്ടോക്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി  ട്രംപ് സംസാരിക്കും

മാഡ്രിഡിൽ നടന്ന ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വെള്ളിയാഴ്ച നടക്കുന്ന ഫോൺ സംഭാഷണത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ കരാറിന് അന്തിമരൂപം നൽകിയേക്കുമെന്നാണ് സൂചന. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ടിക് ടോക്കിനെ നിരോധിക്കാൻ യു.എസ്. കോൺഗ്രസ് നിയമം പാസാക്കിയിരുന്നു. ഈ നിയമം നടപ്പാക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 17-ന് അവസാനിക്കും. ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം ബൈറ്റ്ഡാൻസിൽ നിന്ന് യു.എസ്. നിക്ഷേപകർക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ മാസങ്ങളായി പുരോഗമിക്കുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം
എണ്ണയിലും ആയുധത്തിലും അടുത്തപടി? പുടിന്റെ ഇന്ത്യാ ട്രിപ്പും അജണ്ടകളും