
വാഷിങ്ടൺ: പാകിസ്ഥാൻ്റെ ആഭ്യന്തര ശത്രുക്കളും രാജ്യത്തെ ഭരണകൂടത്തിന് നിരന്തരം വെല്ലുവിളി ഉയർത്തുന്നതുമായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയെ ഭീകരരായി പ്രഖ്യാപിച്ച് അമേരിക്ക. ഇവരുടെ തന്നെ സഖ്യകക്ഷിയായ മജീദ് ബ്രിഗേഡിനെയും ഭീകര പട്ടികയിലുൾപ്പെടുത്തി. പാകിസ്ഥാനെ സംബന്ധിച്ച് ഏറെ ആശ്വാസകരവും ആഹ്ലാദകരവുമായി അമേരിക്കയുടെ പ്രഖ്യാപനം. ബലൂചിസ്ഥാൻ ലിബറേഷൻ ആർമിക്ക് എല്ലാ സഹായവും നൽകുന്നത് ഇന്ത്യയാണെന്നാണ് എന്നും പാകിസ്ഥാൻ ആരോപിക്കുന്നത്.
പാകിസ്ഥാനിൽ 2019 മുതൽ പലവിധ ആക്രമണങ്ങളിൽ ബിഎൽഎ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ചൂണ്ടിക്കാട്ടി. 2024 ൽ കറാച്ചി വിമാനത്താവളത്തിന് സമീപത്തും ഗ്വാദർ തുറമുഖത്തും നടന്ന ചാവേർ ആക്രമണം, 2025 ൽ നടന്ന ജാഫർ എക്സ്പ്രസ് ട്രെയിൻ അട്ടിമറി അടക്കം നിരവധി സംഭവങ്ങൾക്ക് പിന്നിൽ ഇവരായിരുന്നു.
ഭീകരവാദത്തിനെതിരായ ട്രംപ് ഭരണകൂടത്തിൻ്റെ കടുത്ത നിലപാടിൻ്റെ തെളിവാണ് ഈ തീരുമാനമെന്ന് മാർകോ റൂബിയോ വിശദീകരിച്ചു. ഈ സംഘത്തെ പാകിസ്ഥാൻ നേരത്തെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ 26 ഇന്ത്യാക്കാരെ അതിക്രൂരമായി കൊലപ്പെടുത്തിയ ദി റെസിസ്റ്റൻസ് ഫ്രണ്ടെന്ന ലഷ്‌കർ ഇ തൊയ്ബെയുടെ സംഘത്തിനെയും അമേരിക്ക നേരത്തെ ഭീകരരായി പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam