ഇറാന് മുന്നറിയിപ്പുമായി പശ്ചിമേഷ്യയില്‍ യുഎസ് യുദ്ധക്കപ്പല്‍

By Web TeamFirst Published May 6, 2019, 8:43 PM IST
Highlights

യുദ്ധത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍, ഏത് ആക്രമണത്തിനും തയാറാണെന്ന് ഞങ്ങള്‍ അറിയിക്കുകയാണെന്നും യുഎസ് സുരക്ഷ ഉപദേഷ്ടാവ് അറിയിച്ചു.

വാഷിങ്ടണ്‍: ഇറാനുമായുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ യുഎസ് യുദ്ധക്കപ്പല്‍ പശ്ചിമേഷ്യയില്‍. യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്ട്രൈക്കാണ് കഴിഞ്ഞ ദിവസം വിന്യസിച്ചത്. ഇറാനുള്ള വ്യക്തമായ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് യുഎസ് നാഷണല്‍ സുരക്ഷ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. ഇറാനുമായി ഒരിക്കലും യുദ്ധത്തിന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍, ഏത് ആക്രമണത്തിനും തയാറാണെന്ന് ഞങ്ങള്‍ അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അസാധാരണവും പ്രകോപനപരവുമായ നീക്കമാണ് യുഎസ് നടത്തുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തി. 

ഇറാനുമേല്‍ കുരുക്ക് മുറുക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുകയാണ് യുഎസ്. കഴിഞ്ഞ ആഴ്ച ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. യുഎസിന്‍റെ മുന്നറിയിപ്പ് അവഗണിച്ച് എണ്ണ കയറ്റുമതി ചെയ്യുന്നത് തുടരുമെന്ന് ഇറാന്‍ ഡെപ്യട്ടി ഓയില്‍ മന്ത്രി അമിര്‍ ഹുസൈന്‍ സമനിനിയ വ്യക്തമാക്കിയിരുന്നു. ആണവ കരാറിനെ തുടര്‍ന്ന് പ്രതിദിനം 2.5 ദശലക്ഷം ബാരലുകള്‍ വില്‍ക്കാനാകുന്നില്ല. ഞങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.  ഇറാനുമായുള്ള ആണവ കരാര്‍ റദ്ദാക്കിയ ശേഷം സാമ്പത്തികമായും രാഷ്ട്രീയമായും ഇറാനെ ഒറ്റപ്പെടുത്താന്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് യുഎസ്. 

click me!