
വാഷിങ്ടൺ: അമേരിക്കൻ ജനപ്രതിനിധി സഭ സ്‌പീക്കർ കെവിൻ മെക്കാർത്തിയെ പുറത്താക്കി. 210 നെതിരെ 216 വോട്ടിനാണ് സ്പീക്കറെ പുറത്താക്കാനുള്ള പ്രമേയം സഭ അംഗീകരിച്ചത്. എട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ സ്പീക്കർക്കെതിരെ വോട്ടു ചെയ്തതോടെയാണിത്. ഗവൺമെന്റിന്റെ അടിയന്തിര ധനവിനിയോഗ ബിൽ പാസ്സാക്കാൻ സ്പീക്കർ മെക്കാർത്തി ഡെമോക്രാറ്റ് അംഗങ്ങളുടെ പിന്തുണ തേടിയതിൽ റിപ്പബ്ലിക്കൻ പാർട്ടിയിൽ വലിയ പ്രതിഷേധമുയർന്നിരുന്നു.
ബിൽ അടിയന്തിരമായി പാസ്സായിരുന്നില്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ ബജറ്റില്ലാതെ അടച്ചുപൂട്ടൽ ഭീഷണി നേരിട്ട സാഹചര്യത്തിലായിരുന്നു ഇത്. അതേസമയം, അമേരിക്കയുടെ 234 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സ്പീക്കർ ഇത്തരത്തിൽ സഭയിൽ നിന്ന് പുറത്താക്കപ്പെടുന്നത്. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു വർഷം മുമ്പ് മെക്കാർത്തിക്ക് പകരമുള്ള മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.
സ്പീക്കർ എന്ന നിലയിൽ മക്കാർത്തിയുടെ 269 ദിവസത്തെ സേവനമാണ് ഇതോടെ അവസാനിച്ചത്. കെവിൻ മെക്കാർത്തിയെ പുറത്താക്കിയതിന് ശേഷം നോർത്ത് കരോലിനയിലെ റിപ്പബ്ലിക്കൻ പ്രതിനിധി പാട്രിക് മക്‌ഹെൻറിയാണ് താൽക്കാലികമായി സഭയെ നയിക്കുന്നത്. മക്കാർത്തിയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളായ മക്‌ഹെൻറി സ്പീക്കർ പ്രോ ടെംപോർ എന്നാണ് അറിയപ്പെടുന്നത്. ഹൗസ് സ്പീക്കറെ അപേക്ഷിച്ച് പ്രോ ടെം സ്പീക്കർക്ക് വളരെ പരിമിതമായ അധികാരങ്ങളാണുള്ളത്, എന്നാൽ പുതിയ സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം ചേംബറിൽ അധ്യക്ഷനാകും.
Read more: കാനഡയോട് വീണ്ടും സ്വരം കടുപ്പിച്ച് ഇന്ത്യ; 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഒരാഴ്ചയ്ക്കകം തിരിച്ചയക്കണം
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം