പ്രതീക്ഷയോടെ ആ വാർത്ത കേൾക്കാൻ കാത്തിരുന്ന് ലോകം! യുഎസ്- ഇറാന്‍ സമാധാനക്കരാറിന് സാധ്യത തെളിയുന്നു, ഹോര്‍മുസ് കടലിടുക്ക് തുറന്നേക്കും

Published : Aug 06, 2026, 12:25 PM IST
strait of hormuz

Synopsis

ഒമാനും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നതോടെ യുഎസ്- ഇറാൻ സംഘർഷത്തിന് അയവ് വരുന്നതായി സൂചന. ലോകത്തിലെ പ്രധാന എണ്ണ വ്യാപാര പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്ന വാർത്തകളെ തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില കുറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിൽ അന്തിമ കരാറിലെത്തുമോയെന്ന് നിക്ഷേപകർ ഉറ്റുനോക്കുകയാണ്.

അഞ്ച് മാസമായി തുടരുന്ന യുഎസ്- ഇറാന്‍ യുദ്ധത്തിന് വിരാമമാകുന്നുവെന്ന സൂചനകള്‍ നല്‍കി രാജ്യാന്തര വിപണി. ഒമാനും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വ്യാപാര പാതയായ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറന്നേക്കുമെന്നുമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞു.

ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 0.5% കുറഞ്ഞ് 79.08 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റിന്റെ 0.7% ഇടിഞ്ഞ് 74.69 ഡോളറിലുമാണെത്തിയത്. ഇറാനും ഒമാനും തമ്മിലുള്ള ചര്‍ച്ചകള്‍ അനുകൂലമായി നീങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് എണ്ണവിലയിലെ ഇടിവിന് കാരണം. കഴിഞ്ഞ ജൂണ്‍ 17-ന് അമേരിക്കയും ഇറാനും തമ്മില്‍ ഒരു താല്‍ക്കാലിക സമാധാനക്കരാര്‍ ഒപ്പുവെച്ച സമയത്തെ വിലയിലേക്ക് എണ്ണവില ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ അന്തിമ കരാറിലെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

ഇറാന് ലഭിക്കുന്ന വമ്പന്‍ നേട്ടം

യുഎസ്- ഇറാന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒമാനുമായി ഉണ്ടാക്കുന്ന കരാര്‍ യാഥാര്‍ഥ്യമായാല്‍, ഹോര്‍മുസ് കടലിടുക്കിലൂടെ ഗള്‍ഫിലേക്ക് പ്രവേശിക്കുന്ന കപ്പലുകളുടെ നിയന്ത്രണം ഇറാനു ലഭിച്ചേക്കും. ഇറാന്റെ ഉന്നത വൃത്തങ്ങളെയും രണ്ട് പ്രാദേശിക ഉദ്യോഗസ്ഥരെയും ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അങ്ങനെ സംഭവിച്ചാല്‍ ഈ സമാധാന ശ്രമങ്ങളില്‍ ഇറാനു ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും അത്.

ഈ വിഷയത്തില്‍ അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനുള്ള കരാര്‍ ഉടനുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നെങ്കിലും, ലോകത്തെ ഊര്‍ജ വിതരണത്തിനുള്ള ഈ പ്രധാന പാതയുടെ നിയന്ത്രണം ഇറാനു നല്‍കുന്നതിനോട് ഒരിക്കലും യോജിക്കില്ലെന്ന ഉറച്ച നിലപാടിലാണ് യുഎസ് ഉദ്യോഗസ്ഥര്‍.

മുന്നറിയിപ്പുമായി ഇറാനും, ആക്രമണം കടുപ്പിച്ച് ഹൂതികളും

അതിനിടെ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്‍ കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്ന് തങ്ങളുടെ രാജ്യത്തിന് നേരെ വീണ്ടുമൊരു ആക്രമണമുണ്ടായാല്‍, മേഖലയിലെ പ്രധാന ഇന്ധനഅടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാന്റെ ഭീഷണി. അമേരിക്കയുടെ സഖ്യരാജ്യങ്ങളെ ലക്ഷ്യമിട്ട് പ്രതിരോധം തീര്‍ക്കാനാണ് ഇറാന്റെ നീക്കം.

യുഎസ് ക്രൂഡ് ശേഖരത്തില്‍ അപ്രതീക്ഷിത വര്‍ധന

ഇതിന് പുറമേ, അമേരിക്കയുടെ ക്രൂഡ് ഓയില്‍ ശേഖരത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 31-ന് അവസാനിച്ച ആഴ്ചയില്‍ എണ്ണ ശേഖരം 25 ലക്ഷം ബാരല്‍ വര്‍ധിച്ച് 40.7 കോടി ബാരലിലെത്തി. എണ്ണ ശേഖരത്തില്‍ 15 ലക്ഷം ബാരലിന്റെ കുറവുണ്ടാകുമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. റിഫൈനറികളുടെ പ്രവര്‍ത്തനത്തിലുണ്ടായ നേരിയ കുറവും ഇറക്കുമതിയിലെ വര്‍ധനവുമാണ് എണ്ണ ശേഖരം വര്‍ധിക്കാന്‍ കാരണമായത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിച്ചു മോളേ! ചവറ്റുകുട്ടയിലേക്ക് യുവതി വലിച്ചെറിഞ്ഞത് 11 കോടിയുടെ ലോട്ടറി ടിക്കറ്റ്, കണ്ടെത്തി നൽകിയത് ശുചീകരണ തൊഴിലാളികൾ
ട്രംപ് സഞ്ചരിച്ച ഹെലികോപ്ടറിന് തൊട്ടുത്തുകൂടി പറന്ന് യാത്രാവിമാനം, സുരക്ഷാ വീഴ്ച; അന്വേഷണം ആരംഭിച്ചു