
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യ യുദ്ധക്കളമായി. രാവിലത്തെ ആക്രമണത്തിനുള്ള ഇറാന്‍റെ അതിശക്ത തിരിച്ചടിക്ക് പിന്നാലെ അമേരിക്കൻ ഇസ്രയേൽ സംയുക്ത ആക്രമണം വീണ്ടും തുടങ്ങിയതോടെ സാഹചര്യം അതിരൂക്ഷമായിരിക്കുകയാണ്. തെക്കൻ ഇറാനിലെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത ആക്രമണത്തിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടതായാണ് വിവരം. അമേരിക്കൻ - ഇസ്രയേൽ മിസൈൽ പതിച്ചത് പെൺകുട്ടികളുടെ സ്കൂളിലാണെന്നും 40 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടെന്നും ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. തെക്കൻ ഇറാനിലെ ഹോർ മോസ് ഗൻ എന്ന സ്ഥലത്തുള്ള എലമെന്ററി പ്രൈമറി സ്കൂളാണ് ആക്രമിക്കപ്പെട്ടത്. മരിച്ചവരെല്ലാം കൊച്ചു പെൺകുട്ടികളാണെന്നും ഇറാൻ വിവരിച്ചു.
രാവിലെ നടന്ന ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ ഓഫീസ് അടക്കം ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നു. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍റെ വസതിക്ക് നേരെയും ആക്രമണ ശ്രമമുണ്ടായി. മുൻ ഇറാൻ പ്രസിഡന്റ് അഹ്മദി നജാദിനെയും ഇസ്രായേൽ ലക്ഷ്യമിട്ടു എന്നും വിവരമുണ്ട്. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ക്രൂരമാണെന്നും എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. യുദ്ധം ഒഴിവാക്കാൻ തങ്ങൾ എല്ലാ ശ്രമങ്ങളും നടത്തിയെന്നും എന്നാൽ ഇപ്പോൾ പ്രത്യാക്രമണം അനിവാര്യമായിരിക്കുകയാണെന്നും ഇറാൻ ഭരണകൂടം അറിയിച്ചു. ഗൾഫ് മേഖലയിലുടനീളം യുദ്ധം വ്യാപിക്കുന്ന സാഹചര്യത്തിൽ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്.
അമേരിക്ക - ഇസ്രയേൽ സംയുക്ത അക്രമണവും ഇറാന്‍റെ തിരിച്ചടിയും പശ്ചിമേഷ്യയെയും ഗൾഫ് രാജ്യങ്ങളെയും സാരമായി ബാധിക്കുന്നു. ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടുള്ള ഇറാന്‍റെ തിരിച്ചടിയിൽ ഗൾഫ് രാജ്യങ്ങൾ നടുങ്ങി. യു എ ഇ തലസ്ഥാനമായ അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് ഒരാൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. പ്രതിരോധ സംവിധാനങ്ങൾ തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ സിവിലിയൻ കേന്ദ്രങ്ങളിൽ വീണാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടത് ഒരു ഏഷ്യൻ വംശജനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനും ബഹ്റൈനും ഖത്തറിനും സൗദിക്കും കുവൈത്തിനും പിന്നാലെ യു എ ഇയിലും ആക്രമണം ഉണ്ടായതോടെ മേഖലയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമായിരിക്കുകയാണ്. യു എ ഇ അധികൃതർ രാജ്യത്തുടനീളം കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിലച്ച അവസ്ഥയിലാണ്. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയടക്കം ഇറാൻ മിസൈൽ ആക്രമണം നടത്തി. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ സൈറണുകൾ മുഴങ്ങിയതായും അന്താരാഷ്ട്ര മാധ്യമങ്ങൾ സ്ഥിരീകരിച്ചു. ബഹ്റൈനിൽ ഉഗ്ര സ്ഫോടനങ്ങൾ നടന്നെന്നാണ് വ്യക്തമാകുന്നത്. മേഖലയിലെ എല്ലാ യു എസ്, ഇസ്രായേൽ സൈനിക ആസ്ഥാനങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam