
വാഷിങ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടി. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് സ്വാധീനമുള്ള പല മേഖലകളിലും ഡെമോക്രാറ്റുകളുടെ മുന്നേറ്റമാണ്.
യുഎസ് കോൺഗ്രസിലെ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളിൽ 35 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിനൊപ്പം 36 സംസ്ഥാനങ്ങളിലെ ഗവർണർ തെരഞ്ഞെടുപ്പും നടന്നിരുന്നു. ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ ജനപ്രതിനിധി സഭയിൽ 101 സീറ്റുകളിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുന്നേറ്റം. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി 55 സീറ്റുകളിലും മുന്നേറുന്നു.
സെനറ്റ് തെരഞ്ഞെടുപ്പിൽ ജോർജിയ, ന്യൂ ഹാംപ്ഷിയർ, നോർത്ത് കരോലിന എന്നിവിടങ്ങളിൽ ഡെമോക്രാറ്റുകൾക്കാണ് ജയം. ഡെമോക്രാറ്റ് പാർട്ടിയുടെ ജോൺ ഒസോഫ് ജോർജിയയിൽനിന്നും ക്രിസ് പപ്പാസ് ന്യൂ ഹാംപ്ഷെയറിൽനിന്നും മുൻ ഗവർണർ റോയ് കൂപ്പർ നോർത്ത് കരോലിനയിൽനിന്നും യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡെലാവയർ, ന്യൂ ജേഴ്സി, ഇല്ലിനോയി എന്നിവിടങ്ങളിലും ഡെമോക്രാറ്റ് സ്ഥാനാർഥികൾ സെനറ്റിലേക്ക് വിജയിച്ചു. കെന്റകിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ജയം.
ജനപ്രതിനിധി സഭയിലെ ജോർജിയ 2 , ഒഹിയോ 11, വിർജിനിയ 8, ഫ്ളോറിഡ 25 തുടങ്ങിയ സീറ്റുകളിലും ഡെമോക്രാറ്റുകൾ ജയിച്ചു. ഫ്ളോറിഡ 11, ജോർജിയ 9 തുടങ്ങിയ സീറ്റുകളിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്കാണ് ജയം. ഗവർണർ തെരഞ്ഞെടുപ്പിൽ ഇല്ലിനോയി, മസാച്യുസെറ്റ്സ്, മേരിലാൻഡ്, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ഡെമോക്രാറ്റുകൾ വിജയിച്ചു. ഒഹിയോയിലെ ഗവർണർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനും റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായ വിവേക് രാമസ്വാമി പിന്നിലാണ്. ആദ്യ ഫലസൂചനകളിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ആമി ആക്ടാണ് ഒഹിയോയിൽ മുന്നേറുന്നത്.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടുവർഷത്തെ ഭരണത്തിന്റെ വിലയിരുത്തൽ കൂടിയായായാണ് ഇടക്കാല തെരഞ്ഞെടുപ്പിനെ കണക്കാക്കുന്നത്. നിലവിലെ ഫലസൂചനകൾ പ്രകാരം ട്രംപിന് തിരിച്ചടി നൽകുന്നതാണ് ജനവിധി. രാജ്യത്ത് വർധിച്ചുവരുന്ന ജീവിതച്ചെലവുകളും ഇറാൻ യുദ്ധവും അടക്കം ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. അതേസമയം, തെരഞ്ഞെടുപ്പ് ഫലം ട്രംപ് അംഗീകരിച്ചേക്കില്ലെന്നും സൂചനയുണ്ട്. 2020-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ട്രംപ് പരാജയം അംഗീകരിക്കാതെ വോട്ട് ക്രമക്കേട് ഉൾപ്പെടെ ആരോപിച്ച് രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam