
വാഷിംഗ്ടൺ: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന്റെ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ ബ്രസീലിയൻ സ്വദേശിനിയായ അമാൻഡ ഉംഗാരോയുടെ പേര് ആഗോളതലത്തിൽ ശ്രദ്ധനേടുന്നു. ട്രംപ് കുടുംബവുമായുള്ള ഇവരുടെ അടുത്ത ബന്ധമാണ് ഈ ചർച്ചകൾക്ക് ആധാരം. അന്താരാഷ്ട്ര രാഷ്ട്രീയ-നയതന്ത്ര രംഗത്തെ ഉന്നത നിരയിൽ വർഷങ്ങളോളം സജീവമായിരുന്ന വ്യക്തിത്വമാണ് അമാൻഡ.
ഗ്രനഡയുടെ ഐക്യരാഷ്ട്രസഭയിലെ അംബാസഡറായി ഇവർ പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രശ്നങ്ങളിലും ബ്ലൂ ഇക്കണോമിയിലുമാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മെലാനിയയെ ഡൊണാൾഡ് ട്രംപിന് പരിചയപ്പെടുത്തിയ ഇറ്റാലിയൻ-അമേരിക്കൻ വ്യവസായി പൗലോ സാംപോളിയുമായി ഇവർ ദീർഘകാലം പ്രണയത്തിലായിരുന്നു. 19 വർഷത്തോളം ഒന്നിച്ച് കഴിഞ്ഞ ഇവർക്ക് ഒരു മകനുണ്ട്. 2021-ലാണ് ഇവർ വേർപിരിഞ്ഞത്. സാംപോളിയുമായുള്ള ബന്ധത്തിലൂടെയാണ് അമാൻഡ ട്രംപിന്റെ സാമൂഹിക വൃത്തങ്ങളിൽ അറിയപ്പെട്ടു തുടങ്ങിയത്. 2017-ൽ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങിലും ഇവർ അതിഥിയായി പങ്കെടുത്തിരുന്നു. മെലാനിയയെപ്പോലെ തന്നെ മെച്ചപ്പെട്ട ജീവിതം തേടിയാണ് സ്ലോവേനിയയിൽ നിന്ന് മെലാനിയ എത്തിയതെങ്കിൽ ബ്രസീലിൽ നിന്നാണ് അമാൻഡ അമേരിക്കയിലെത്തിയത്.
കഴിഞ്ഞ വർഷം ജൂണിൽ മിയാമിയിൽ വെച്ച് മെഡിക്കൽ സ്പാ ബിസിനസ്സുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ അമാൻഡ അറസ്റ്റിലായി. ഇതിനിടയിലാണ് ഇവരുടെ വിസ വർഷങ്ങൾക്ക് മുൻപേ കാലാവധി കഴിഞ്ഞതാണെന്ന വിവരം പുറത്തുവരുന്നത്. അമാൻഡ കസ്റ്റഡിയിലായിരുന്നപ്പോൾ, അവരുടെ സ്ഥിതിയെക്കുറിച്ച് അന്വേഷിക്കാൻ പൗലോ സാംപോളി മുതിർന്ന ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടതായി സമ്മതിച്ചു. എന്നാൽ ഇത് പ്രത്യേക പരിഗണനയ്ക്ക് വേണ്ടിയായിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. അമാൻഡയെ ലക്ഷ്യം വെക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന വാദങ്ങൾ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് തള്ളി. ഇമിഗ്രേഷൻ നിയമങ്ങളുടെ ലംഘനം മൂലമാണ് നടപടിയെന്നും അവർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam