
വാഷിംഗ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിലാക്കിയ ഇറാൻ-അമേരിക്ക യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരവേ സുപ്രധാന വിവരങ്ങൾ പുറത്ത്. ഇറാനുമായുള്ള യുദ്ധത്തിലൂടെ അമേരിക്കൻ സൈന്യത്തിന് വൻ സാമ്പത്തിക-ആയുധ നഷ്ടം സംഭവിച്ചതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ്.
ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലും വെടിവെപ്പിലുമായി ഏകദേശം 2.3 ബില്യൺ മുതൽ 2.8 ബില്യൺ ഡോളർ വരെയുള്ള സൈനിക ഉപകരണങ്ങൾ തകർക്കപ്പെട്ടതായാണ് കണക്കാക്കുന്നത്. യുദ്ധം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒരു പ്രമുഖ അന്താരാഷ്ട്ര ഗവേഷണ ഏജൻസി പുറത്തുവിടുന്ന ആദ്യത്തെ വിശദമായ നഷ്ടക്കണക്കാണിത്. എന്നാൽ, ഈ കണക്കിൽ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കുണ്ടായ നാശനഷ്ടങ്ങളോ നാവികസേനാ കപ്പലുകൾക്കുണ്ടായ തകരാറുകളോ ഉൾപ്പെടുത്തിയിട്ടില്ല.
ഇവ കൂടി കണക്കിലെടുക്കുകയാണെങ്കിൽ യഥാർത്ഥ നഷ്ടം ഇതിലും എത്രയോ മടങ്ങായിരിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. അത്യാധുനിക ഡ്രോണുകളും കൃത്യതയാർന്ന മിസൈലുകളും ഉപയോഗിച്ചുള്ള ഇറാന്റെ ആക്രമണം അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. യുദ്ധം നീണ്ടുപോകുന്നത് അമേരിക്കയുടെ സൈനിക ബജറ്റിനെ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഇതാദ്യമായാണ് അമേരിക്കൻ സൈന്യത്തിന് ഒരു പ്രാദേശിക യുദ്ധത്തിൽ ഇത്രയും ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്ര വലിയ ആയുധ നഷ്ടം നേരിടേണ്ടി വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam