
വാഷിങ്ടൺ: അൽ ഖ്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ മകൻ ഹംസ ബിൻ ലാദനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഏഴ് കോടി രൂപ പരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക. ഹംസ ലാദൻ തീവ്രവാദത്തിന്റെ മുഖമായി വളർന്ന് വരുകയാണെന്ന വിവരത്തെ തുടർന്നാണ് അമേരിക്കയുടെ നടപടി. ഹംസയുടെ താവളം കണ്ടെത്തുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്കാണ് പാരിതോഷികം.
പോരാട്ടങ്ങളുടെ കിരീടാവകാശി എന്നറിയപ്പെടുന്ന ഹംസയുടെ താവളം എവിടെയാണെന്നതിനെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, സിറിയ ഈ രാജ്യങ്ങളിൽ എവിടെയെങ്കിലും ആയിരിക്കാം അല്ലെങ്കിൽ ഇറാനിൽ വീട്ട് തടങ്കലിൽ ആയിരിക്കാം എന്നിങ്ങനെയാണ് വർഷങ്ങളായുള്ള അനുമാനം.
ബിൻ ലാദന്റെ മരണത്തിന് ശേഷം ഹംസ അൽ ഖ്വയ്ദയുടെ നേതൃസ്ഥാനം ഏറ്റെടുക്കാൻ പോകുകയാണെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. 2011ൽ പിതാവിനെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ഹംസ ഭീഷണിപ്പെടുത്തിയിരുന്നതായി അമേരിക്ക ആരോപിച്ചു. അതിനിടയിൽ 2015ൽ സിറിയയിലെ തീവ്രവാദികൾ ഒന്നിച്ചു നിൽക്കണമെന്ന് ആവശ്യപ്പെടുന്ന ഓഡിയോ ഹംസയുടേതായി പുറത്ത് വന്നിരുന്നു.
ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം മൂന്ന് ഭാര്യമാരെയും മക്കളെയും അവരുടെ സ്വദേശമായ സൗദിയിലേക്ക് തിരികെ മടങ്ങാൻ അനുവദിച്ചിരുന്നു. എന്നാൽ ഹംസയുടെ കാര്യത്തിൽ അപ്പോഴും തർക്കം നിലനിന്നിരുന്നു. വർഷങ്ങളോളം മാതാവിനൊപ്പം ഇറാനിലായിരുന്നു ഹംസ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam