
വാഷിംഗ്ടൺ: അമേരിക്കയിൽ നേപ്പാളി സ്വദേശിയായ വിദ്യാർഥിനിയെ ഇന്ത്യൻ വംശജൻ വെടിവെച്ച് കൊലപ്പെടുത്തി. 21 കാരിയായ മുന പാണ്ഡെയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇന്ത്യൻ വംശനായ ബോബി സിൻ ഷാ(52)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് യുഎസിലെ അപ്പാർട്ട്മെന്‍റിൽ വെച്ച് മുന പാണ്ഡെ കൊല്ലപ്പെടുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.30 ഓടെയാണ് ഹൂസ്റ്റണിലെ അപ്പാർട്ട്മെന്‍റിൽ ഒരു യുവതി വെടിയേറ്റ് കിടക്കുന്നുണ്ടെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. പൊലീസെത്തി മുന പാണ്ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരിശോധനയിൽ ഒരാൾ അപ്പാർട്ട്മെന്‍റിലെത്തുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. സംഭവം നടന്ന് രണ്ട് ദിവസത്തിനുള്ളിൽ പ്രതിയായ ബോബി സിൻ ഷായുടെ ചിത്രം പൊലീസ് പുറത്ത് വിട്ടു. തുടർന്ന് പരിശോധനയിൽ ശനിയാഴ്ചയോടെ ബോബിയെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെയാണ് യുവതിയെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നിഷേധിച്ചു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് പ്രതി മുന പാണ്ഡയുടെ അപ്പാർട്ട്മെന്‍റിലെത്തുന്നത്. വാതിൽ തള്ളിത്തുറന്ന് ഇയാൾ അകത്തേക്ക് കയറുന്നതും യുവതിയുടെ പഴ്സുമായി പുറത്തേക്ക് പോകുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മുന പാണ്ഡെക്ക് മൂന്ന് തവണ വെടിയേറ്റതായി പൊലീസ് പറഞ്ഞു. ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമം യുവതി ചെറുത്തതോടെയാണ് വെടിയുതിർത്തതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. തിങ്കളാഴ്ച സംഭവം നടന്നയന്ന് മുതൽ മുന പാണ്ഡയയുടെ മാതാവ് മകളെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും കിട്ടിയില്ല.
തുടർന്ന് ഹൂസ്റ്റണിലെ നേപ്പാളീസ് അസോസിയേഷനെ ബന്ധപ്പെട്ടപ്പോഴാണ് മകളുടെ മരണ വിവരം അമ്മയും ബന്ധുക്കളും അറിയുന്നത്. ശനിയാഴ്ച മകളുടെ ഫോൺ ഓൺലൈനിൽ ഉണ്ടായിരുന്നു. എന്നാൽ അന്ന് രാത്രി മുതൽ ഫോൺ ഓഫ് ലൈനായി. പിന്നെ ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് അമ്മ പറയുന്നു. മുന പാണ്ഡെയുടെ അമ്മയെ അമേരിക്കയിലേക്ക് കൊണ്ടുവരാനായി ശ്രമങ്ങൾ തുടരുകയാണെന്നും യുവതിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും നേപ്പാളീസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam