
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക. ഇറാന്‍റെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തി. ഹോർമുസിൽ കപ്പൽ ആക്രമിച്ചതിനു തിരിച്ചടിയയാണ് ഇറാന്‍റെ ഡാർ കേന്ദ്രങ്ങളിലടക്കം യുഎസ് സൈന്യം ആക്രമണം അഴിച്ച് വിട്ടത്. ഹോർമുസ് കടലിടുക്കിൽ സഞ്ചരിക്കുകയായിരുന്ന ലയേറിയ ഭീമൻ ചരക്കു കപ്പലിനുനേരെ 4 ഡ്രോണുകൾ ഇറാൻ തൊടുത്തുവെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു.
ഇറാന്‍റെ ആക്രമണത്തിൽ ഒരു ഡ്രോൺ കപ്പലിൽ പതിക്കുകയും കപ്പലിന് കേടുപാടുകളുണ്ടായി. മറ്റ് മൂന്ന് ഡ്രോണുകൾ തകർത്തെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ഇറാന്‍റെ ഡ്രോൺ ആക്രമണമുണ്ടായതെന്നാണ് സൂചന. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാൻ നൽകിയ റൂട്ടിലൂടെ അല്ലാതെ പോയാൽ ഇൻഷുറൻസോ സുരക്ഷാ ഗ്യാരണ്ടിയോ കിട്ടില്ലെന്നാണ് ഇറാന്‍റെ മുന്നറിയിപ്പ്. പിന്നാലെ സുരക്ഷിത നാവിക ഇടനാഴി ഇറാൻ അടച്ചു. ഇതോടെ ഹോര്‍മുസില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.
അതേസമയം ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം പാലിക്കാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദിത്വം കപ്പലുടമയ്ക്കും കമാൻഡർക്കുമാണെന്നും ഇറാൻ വ്യക്തമാക്കി.130 കപ്പലുകളെ വരെ കടത്തിവിടാൻ കഴിയുന്ന പാത സജീവമായാൽ ഇറാന്‍റെ മേൽകൈ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ ഹോർമുസിൽ വീണ്ടും നിലപാട് കടുപ്പിച്ചത്. അതിനിടെ, ഹോർമൂസിൽ സൈനിക സംഘർഷം അവസാനിപ്പിക്കാൻ അമേരിക്കയ്ക്കും ഇറാനും ഇടയിൽ നേരിട്ടുള്ള ആശയ വിനിമയ സംവിധാനം നിലവിൽ വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam