ഇറാനിൽ നിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് കേറ്ററിംഗ് ട്രക്കിൽ ഒളിച്ചാണ് രഹസ്യമായി കടന്നതെന്ന് റിപ്പോർട്ട്. എയർഫോഴ്‌സ് വണ്ണിൽ കയറിയതായി തെറ്റിദ്ധരിപ്പിച്ച ശേഷം, മറ്റൊരു സൈനിക വിമാനത്തിലാണ് ട്രംപ് സുരക്ഷിതമായി അമേരിക്കയിലേക്ക് മടങ്ങിയത്.
ടെഹ്റാൻ: ഇറാന്‍റെ ഭാഗത്തുനിന്നുള്ള കടുത്ത ആക്രമണ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തുർക്കിയിൽ നിന്ന് രഹസ്യമായി കടന്നത് വിമാനത്താവളത്തിലെ കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിച്ചിരുന്നാണെന്ന് റിപ്പോർട്ട്. ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറിയതായി ലോകത്തെ തെറ്റിദ്ധരിപ്പിച്ച ശേഷം അതീവ രഹസ്യമായി മറ്റൊരു സൈനിക വിമാനത്തിലേക്ക് മാറിയാണ് ട്രംപ് അമേരിക്കയിലേക്ക് മടങ്ങിയത്. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റും സിഎൻഎന്നും പുറത്തുവിട്ട റിപ്പോർട്ടിലാണ് ട്രംപിന്‍റെ ജീവൻ രക്ഷിക്കാൻ യുഎസ് സുരക്ഷാ ഏജൻസികൾ നടത്തിയ ഈ നാടകീയ നീക്കങ്ങളുടെ വിവരങ്ങളുള്ളത്.
നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കാൻ ഖത്തർ സമ്മാനിച്ച പുതിയ വിമാനത്തിലാണ് ട്രംപ് തുർക്കിയിലെത്തിയത്. എന്നാൽ മടക്കയാത്രയിൽ സുരക്ഷാ കാരണങ്ങളാൽ പഴയ പ്രസിഡന്‍റ് വിമാനത്തിലേക്ക് മാറുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നു. വാർത്താ ക്യാമറകൾക്ക് മുന്നിൽ പഴയ എയർഫോഴ്‌സ് വണ്ണിൽ കയറിയ ട്രംപ്, വിമാനത്തിനുള്ളിലെത്തിയ ഉടൻ പുറകുവശത്തെ കവാടത്തിലൂടെ ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്ന കേറ്ററിംഗ് ട്രക്കിനുള്ളിലേക്ക് രഹസ്യമായി മാറുകയായിരുന്നു. തുടർന്ന് ഈ വാഹനത്തിൽ തൊട്ടടുത്ത് നിർത്തിയിട്ടിരുന്ന എയർഫോഴ്‌സിന്‍റെ സി-32എ (C-32A) എന്ന ചെറിയ സൈനിക വിമാനത്തിൽ എത്തിച്ചാണ് ട്രംപിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയത്.
മാധ്യമപ്രവർത്തകരെയും ചില വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും കയറ്റിയ പഴയ എയർഫോഴ്‌സ് വൺ വിമാനത്തെ ശത്രുക്കളുടെ ശ്രദ്ധ തിരിക്കാനുള്ള വ്യാജ വിമാനമായി ഉപയോഗിക്കുകയായിരുന്നു. ഖത്തർ നൽകിയ പുതിയ വിമാനം, പഴയ എയർഫോഴ്‌സ് വൺ, ട്രംപ് സഞ്ചരിച്ച സൈനിക വിമാനം എന്നിവ വെവ്വേറെയാണ് ബ്രിട്ടനിലേക്ക് പറന്നത്. ബ്രിട്ടനിലെത്തിയ ശേഷമാണ് ട്രംപ് വീണ്ടും ഔദ്യോഗിക വിമാനത്തിൽ കയറി സ്വന്തം രാജ്യത്തേക്ക് തിരികെ പോയത്.
കഴിഞ്ഞ ഒരു മാസമായി ഖത്തർ നൽകിയ പുതിയ വിമാനത്തിന്‍റെ സുരക്ഷാ പോരായ്മകളെക്കുറിച്ചായിരുന്നു മാധ്യമങ്ങളിൽ വലിയ ചർച്ചകൾ നടന്നിരുന്നത്. വിമാനത്തിന് സുരക്ഷാ മാറ്റങ്ങൾ വരുത്തേണ്ടി വന്നതിനെക്കുറിച്ചുള്ള വാർത്തകളിൽ ട്രംപ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെല്ലാം പിന്നിൽ ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ഭീഷണിയായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. അമേരിക്കയ്ക്ക് നിരവധി ശത്രുക്കളുണ്ടെന്നും പ്രസിഡന്‍റിന്‍റെ സുരക്ഷ ഉറപ്പാക്കാൻ ലഭ്യമായ എല്ലാ മാർഗ്ഗങ്ങളും സംവിധാനങ്ങളും ഉപയോഗിക്കുമെന്നും വൈറ്റ് ഹൗസ് വക്താവ് സ്റ്റീവൻ ച്യുങ് വ്യക്തമാക്കി.


