
ന്യൂയോർക്ക്: യുക്രൈന് സുരക്ഷാ ഉറപ്പുകള്‍ നല്‍കേണ്ടത് യൂറോപ്പാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഇടപെടല്‍ കൊണ്ട് സുരക്ഷാ ഉറപ്പ് ലഭിക്കില്ലെന്നും ആദ്യ കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വെച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുമായി കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ട്രംപിന്‍റെ പ്രസ്താവന.
റഷ്യയില്‍ നിന്ന് സുരക്ഷാ ഉറപ്പ് തന്നാല്‍ ധാതുനിക്ഷേപത്തിന്‍റെ കാര്യത്തില്‍ എന്ത് കരാറിനും സന്നദ്ധമാണെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സെലന്‍സ്കി വെള്ളിയാഴ്ച വാഷിങ്ടണിലെത്തി കരാര്‍ ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞു. ഉറപ്പ് ലഭിക്കാതെയാണ് സെലന്‍സ്കിയുടെ വരവ്. ട്രംപ് സമ്മര്‍ദം ശക്തമാക്കിയതോടെയാണ് യുക്രൈന്‍ കരാറിന് വഴങ്ങിയത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത മസ്കുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഡോജിൽ നിന്നും ഉദ്യോഗസ്ഥർ കൂട്ടരാജി വച്ചിരിക്കുകയാണെന്നതാണ്. ഒറ്റയടിക്ക് 21 ഉദ്യോഗസ്ഥരാണ് ഡോജിൽ നിന്നും രാജിവെച്ചത്. മസ്കിന്റെ നടപടികൾ സർക്കാർ സംവിധാനങ്ങളിലുള്ള വിശ്വാസം തകർക്കുന്നുവെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ രാജിവച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്ത് ട്രംപ് മടങ്ങിയെത്തിയതിന് പിന്നാലെയുള്ള വലിയ പ്രഖ്യാപനമായിരുന്നു ഡോജ്. ശതകോടീശ്വരൻ എലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള ഡോജ് ഇപ്പോൾ ട്രംപ് ഭരണകൂടത്തിന് വലിയ തലവേദനയായി മാറുകയാണെന്നാണ് ഉദ്യോഗസ്ഥരുടെ കൂട്ടരാജിയിലൂടെ വ്യക്തമാകുന്നത്. നേരത്തെ യുഎ സ് ഫെഡറൽ ജീവനക്കാരോടുള്ള ‘ജസ്റ്റിഫൈ യുവർ ജോബ്’ എന്ന എലോൺ മസ്‌കിന്റെ ഇ മെയിലും വലിയ പൊല്ലാപ്പുണ്ടാക്കിയിരുന്നു. ട്രംപിന്‍റെ ടീമിനുള്ളിൽ വലിയ ഭിന്നതക്ക് വരെ മെയിൽ കാരണമായെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മസ്ക്കിന്‍റെ മെയിലിനോട് ട്രംപ് ഭരണകൂടത്തിനുള്ളിൽ നിന്ന് അപ്രതീക്ഷിതമായ പ്രതിഷേധം ഉയർത്തി എഫ് ബി ഐ മേധാവി കാഷ് പട്ടേൽ തന്നെ രംഗത്തെത്തിയത് ശ്രദ്ധേയമായി. മസ്‌കിന്റെ ‘ജസ്റ്റിഫൈ യുവർ ജോബ്’ മെയിൽ മൈൻഡാക്കണ്ടെന്നാണ് കാഷ് പട്ടേൽ ജീവനക്കാർക്ക് നിർദ്ദേശം നൽകിയത്. കഴിഞ്ഞ ആഴ്ച നിങ്ങൾ ചെയ്ത ജോലി എന്താണെന്ന് എല്ലാ ഫെഡറൽ ജീവനക്കാരും വ്യക്തമാക്കണമെന്നും അല്ലാത്ത പക്ഷം അവർ രാജിവച്ചതായി പരിഗണിക്കും എന്നുമായിരുന്നു മസ്കിൻ്റെ മെയിൽ. മസ്കിൻ്റെ ഡോജ് വകുപ്പ് നിലവിൽ വന്നതോടെ ആയിരക്കണക്കിന് സർക്കാർ ജീവനക്കാരുടെ ജോലി പോയിട്ടുണ്ട്. ഇതേ നിലയിൽ മസ്കിന്‍റെ പ്രവർത്തനം മുന്നോട്ട് പോയാൽ പ്രതിഷേധം ശക്തമാകുമെന്നാണ് വ്യക്തമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം