
വാഷിംഗ്ടൺ: ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തനിക്കൊപ്പം ഒരു ചിത്രമെടുക്കാൻ വീണ്ടും വീണ്ടും ആവശ്യപ്പെട്ടുവെന്ന പരാമര്‍ശങ്ങൾക്കും വിവാദങ്ങൾക്കും പിന്നാലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ഇറ്റലിയിൽ മെലോനിയുടെ ജനപ്രീതി വളരെ കുറവാണെന്നും ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുന്നതിൽ അമേരിക്കയെ പിന്തുണയ്ക്കാത്തതാണ് ഇതിന് കാരണമെന്നും ട്രംപ് കുറിപ്പിൽ ആരോപിക്കുന്നു. അമേരിക്ക ഇറാനെ സൈനികമായി പരാജയപ്പെടുത്തിയതിന് ശേഷം സ്വന്തം റേറ്റിംഗ് ഉയർത്താനാണ് മെലോനി ഇപ്പോൾ സൗഹൃദത്തിന് ശ്രമിക്കുന്നതെന്നും ട്രംപ് പരിഹസിച്ചു.
ഇറ്റാലിയൻ മാധ്യമമായ ലാ7 ടിവിക്ക് നൽകിയ അഭിമുഖത്തിലും ട്രംപ് സമാനമായ പരാമർശം നടത്തിയിരുന്നു. ജി-7 ഉച്ചകോടിക്കിടെ മെലോനി തനിക്കൊപ്പം ഫോട്ടോ എടുക്കാൻ യാചിച്ചുവെന്നും പാവം തോന്നിയതുകൊണ്ടാണ് താൻ സമ്മതിച്ചതെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ ട്രംപിന്റെ ഈ പ്രസ്താവനകൾ പൂർണ്ണമായും അസത്യവും കെട്ടിച്ചമച്ചതുമാണെന്ന് വ്യക്തമാക്കി മെലോനി എക്‌സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പങ്കുവെച്ചു. "സ്വന്തം സഖ്യകക്ഷികളോട് യു.എസ് പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നത് എന്ന് മനസ്സിലാകുന്നില്ല. ശത്രുക്കളോട് കാണിക്കാത്ത കടുപ്പം സ്വന്തം സഖ്യകക്ഷികളോട് കാണിക്കുന്നത് കഷ്ടമാണ്. ഇറ്റലിയും ഞാനും ആരുടെയും മുന്നിൽ യാചിക്കാറില്ല," മെലോനി വ്യക്തമാക്കി.
ഇറാൻ യുദ്ധസമയത്ത് ഇറ്റലിയുടെ റൺവേകളോ ലാൻഡിംഗ് സ്ട്രിപ്പുകളോ ഉപയോഗിക്കാൻ അമേരിക്കയെ അനുവദിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. ഇത് യു.എസിന് വലിയ ലോജിസ്റ്റിക്കൽ ബുദ്ധിമുട്ടുണ്ടാക്കി. എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിലും ട്രംപ് ഇക്കാര്യം ഉന്നയിച്ചിരുന്നു. ലിയോ പതിനാലാമൻ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ മെലോനി മുൻപ് എതിർത്തതും ഇരുവർക്കുമിടയിൽ അസ്വാരസ്യങ്ങൾക്ക് കാരണമായിരുന്നു. ട്രംപിന്റെ അധിക്ഷേപകരമായ പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ആന്റോണിയോ തയാനി തന്റെ ഔദ്യോഗിക അമേരിക്കൻ സന്ദർശനം റദ്ദാക്കി. അടുത്ത ആഴ്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി തയാനി കൂടിക്കാഴ്ച നടത്താനിരുന്നതാണ്. ഇതേത്തുടർന്ന് അടുത്ത ആഴ്ച മിയാമിയിൽ നടക്കാനിരുന്ന ഇറ്റലി-യുഎസ് ബിസിനസ് ഫോറവും റദ്ദാക്കിയിട്ടുണ്ട്. സംഭവത്തിൽ വൈറ്റ് ഹൗസും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam