വിർച്വൽ സംവാദം പറ്റില്ലെന്ന് ട്രംപ്: രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി

By Web TeamFirst Published Oct 10, 2020, 8:25 AM IST
Highlights

അതേസമയം, ട്രംപിന്‍റെ കൊവിഡ് നെഗറ്റീവായോ ഇല്ലയോ? മാധ്യമപ്രവർത്തകർ നിരന്തരം അന്വേഷിച്ചിട്ടും വൈറ്റ് ഹൗസ് ഇക്കാര്യത്തിൽ മാത്രം ഒരക്ഷരം മിണ്ടുന്നില്ല. 

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും, ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡനും തമ്മിലുള്ള രണ്ടാം പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കി. വിർച്വൽ രീതിയിൽ സംവാദത്തിന് തയ്യാറല്ലെന്ന് ട്രംപ് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പ്രസിഡൻഷ്യൽ സംവാദം റദ്ദാക്കിയത്. ഒക്ടോബർ 15-നാണ് സംവാദം നടക്കേണ്ടിയിരുന്നത്. 

തെര‍ഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രസിഡൻഷ്യൽ സംവാദങ്ങൾ പൊതുവേ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ നിർണായകസ്വാധീനങ്ങളിലൊന്നാണ്. കൊവിഡ് പോസിറ്റീവായ ഡോണൾഡ് ട്രംപ് നിലവിൽ ചികിത്സയിലാണ്. അതേസമയം, ട്രംപിന്‍റെ കൊവിഡ് നെഗറ്റീവായോ എന്ന ചോദ്യങ്ങളോട് വൈറ്റ് ഹൗസ് പ്രതികരിക്കുന്നതേയില്ല. 

ട്രംപ് കൊവിഡ് പോസിറ്റീവായതിനെത്തുടർന്നാണ്, രണ്ടാം സംവാദം വിർച്വൽ രീതിയിലേക്ക് മാറ്റുന്നതായി പ്രഖ്യാപനമുണ്ടായത്. എന്നാൽ പ്രചാരണത്തിലേക്ക് അടിയന്തരമായി മടങ്ങുകയാണെന്ന് നിരന്തരം ട്വിറ്റർ വഴി പ്രഖ്യാപിക്കുന്ന ഡോണൾഡ് ട്രംപ് വിർച്വൽ സംവാദത്തിന് എതിരായിരുന്നു. ഇത് രണ്ട് സ്ഥാനാർത്ഥികളും നേരിട്ട് നടക്കുന്ന സംവാദമാക്കിത്തന്നെ മാറ്റണമെന്ന് ട്രംപ് ഉറച്ച നിലപാടെടുത്തു. 

എന്നാൽ, ട്രംപ് അസുഖബാധിതനായതിനാൽ, നേരിട്ടുള്ള സംവാദം നടത്താനാകില്ലെന്ന് ജോ ബൈഡനും ഉറപ്പിച്ചുപറഞ്ഞു. വിർച്വൽ സംവാദത്തിന് തയ്യാറാകാത്ത ട്രംപിന്‍റെ നടപടിയെ ബൈഡൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ''വോട്ടർമാർ ചോദ്യം ചോദിക്കുന്ന ഏക സംവാദപരിപാടിയിൽ നിന്ന് ട്രംപ് അനാവശ്യഒഴികഴിവ് പറഞ്ഞ് മാറിനിൽക്കുന്നത് നാണംകെട്ട പരിപാടിയാണ്. പക്ഷേ, തൽക്കാലം എനിക്കതിൽ അദ്ഭുതവുമില്ല'', എന്നാണ് ബൈഡന്‍റെ വക്താവ് ആൻഡ്രൂ ബേറ്റ്‍സ് പ്രതികരിച്ചത്. 

സംവാദം നടക്കേണ്ടിയിരുന്ന ദിവസം മറ്റ് പരിപാടികൾ രണ്ട് സ്ഥാനാർത്ഥികളും പ്രഖ്യാപിച്ചുകഴിഞ്ഞു. അതിനാൽ പ്രസിഡൻഷ്യൽ സംവാദം ഉണ്ടാകില്ല എന്ന് പരിപാടി നിയന്ത്രിക്കുന്ന കമ്മീഷൻ ഓഫ് പ്രസിഡൻഷ്യൽ ഡിബേറ്റ്‍സ് പ്രഖ്യാപിച്ചു. 

രണ്ടാം സംവാദത്തീയതി റദ്ദാക്കിയതോടെ, ഇനി ഇരുസ്ഥാനാർത്ഥികളും തമ്മിൽ സംവാദം നടത്താൻ ഒക്ടോബർ 22 എന്ന ഒറ്റത്തീയതി മാത്രമേ ബാക്കിയുള്ളൂ. ടെന്നസിയിലാണ് ഈ സംവാദവേദി തീരുമാനിച്ചിരിക്കുന്നത്. നവംബർ 3-നാണ് അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്. 

2000 മുതൽ എല്ലാ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുകൾക്കും മുമ്പ് മൂന്ന് തവണയെങ്കിലും പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ തമ്മിൽ സംവാദം നടക്കാറുണ്ട്. കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥികളായ, ഇന്ത്യൻ വംശജ കമലാഹാരിസും നിലവിലെ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസും തമ്മിൽ നടന്നിരുന്ന സംവാദം ശ്രദ്ധ നേടിയിരുന്നു. 

click me!