ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Jun 17, 2021, 7:52 AM IST
Highlights

ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറ​ഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയാണ് ബൈഡനും പുടിനും നടത്തിയത്.

ജനീവ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലദീമീർ പുടിനും തമ്മിൽ കൂടിക്കാഴ്ച നടത്തി. രണ്ടുകൂട്ടരും തമ്മിലെ ബന്ധം തീർത്തും മോശമായിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. ആയുധനിയന്ത്രണവും റഷ്യയുടെ സൈബർ ആക്രമണമെന്ന അമേരിക്കയുടെ ആരോപണവും ചർച്ച ചെയ്തെന്നാണ് സൂചന. റഷ്യൻ പ്രതിപക്ഷനേതാവ് നവാൽനിയുടെ സ്ഥിതിയും വിഷയമായെന്നാണ് സൂചന.

ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറ​ഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയാണ് ബൈഡനും പുടിനും നടത്തിയത്. ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർഗെയ് ലാവ്റോവും ഉണ്ടായിരുന്നു. ഇടവേള കഴിഞ്ഞ്, കൂടുതൽ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചർച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്.

പതിവ് അമേരിക്കന്‍ രീതിയില്‍ നിന്നും വ്യത്യസ്തമായി റഷ്യയെ വൻ ശക്തിയെന്നു വിശേഷിപ്പിച്ചാണ് ബൈഡൻ ചർച്ചയ്ക്കു തുടക്കമിട്ടത്. സമാധാനത്തിന്റെ നഗരമായ ജനീവയിലേക്കു സ്വാഗതമെന്നു പറഞ്ഞായിരുന്നു സ്വിസ് പ്രസിഡന്റ് ഗയ് പാമലിൻ ഇരു നേതാക്കളെയും വരവേറ്റത്. ഹസ്തദാന വേളയിൽ ബൈഡൻ ആദ്യം കൈ നീട്ടി. തുടർന്ന്, ലോകം ഉറ്റുനോക്കുന്ന ചർച്ചയ്ക്കായി ഇരുവരും ബംഗ്ലാവിലേക്കു കയറി വാതിൽചാരി. 

ചർച്ചയ്ക്കു തൊട്ടുമുൻപ്, മുറിയിൽ അൽപനേരം പ്രവേശനം അനുവദിച്ച റഷ്യ, യുഎസ് മാധ്യമസംഘങ്ങൾ തിരക്കുകൂട്ടിയതും സുരക്ഷാഉദ്യോഗസ്ഥർ ഇടപെട്ടതും ബഹളം സൃഷ്ടിച്ചു. ഉച്ചകോടിക്കിടെ വിരുന്നോ ശേഷം സംയുക്ത മാധ്യമസമ്മേളനമോ ഉണ്ടായിരുന്നില്ല. യുക്രെയ്നിലെ ക്രൈമിയ റഷ്യ പിടിച്ചെടുത്തതും യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലും സമീപകാല ഹാക്കിങ് പരമ്പരകളും ഉൾപ്പെടെ ഒട്ടേറെ വിവാദ വിഷയങ്ങൾ നീറിപ്പുകയുന്നതിനിടെയാണു ബൈ‍ഡനും പുടിനും കാണുന്നത്. 

റഷ്യയുമായി ബന്ധം തകരാതെ നോക്കാനും സുസ്ഥിരമാക്കാനുമുളള ശ്രമമാണ് ബൈഡന്റേതെന്നാണു വൈറ്റ്‍ഹൗസ് ഉച്ചകോടിയെക്കുറിച്ചു പറഞ്ഞത്. 

click me!