അമേരിക്കൻ നിഘണ്ടുവായ മെറിയം-വെബ്സ്റ്റർ, ഈ വർഷത്തെ 'വേഡ് ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തത് ‘സ്ലോപ്പ്’എന്ന . എഐ ടൂളുകൾ ഉപയോഗിച്ച് അതിവേഗം നിർമ്മിക്കപ്പെടുന്നതും, നിലവാരമില്ലാത്തതുമായ ഉള്ളടക്കങ്ങളുടെ കുത്തൊഴുക്കിനെയാണ് 'സ്ലോപ്പ്' സൂചിപ്പിക്കുന്നത്.
നിർമ്മിത ബുദ്ധി ലോകത്തെ കീഴടക്കുന്ന വർഷങ്ങളിലൂടെയാണ് ഇപ്പോൾ ലോകം കടന്നുപോകുന്നത്. എവിടെ തിരിഞ്ഞാലും എഐയുടെ അത്ഭുതങ്ങളും വിജയഗാഥകളുമാണ്. എന്നാൽ, ഈ സാങ്കേതിക വിപ്ലവത്തിനിടയിൽ, അമേരിക്കൻ നിഘണ്ടുവായ 'മെറിയം-വെബ്സ്റ്റർ' ഈ വർഷത്തെ തങ്ങളുടെ 'വേഡ് ഓഫ് ദ ഇയർ' ആയി തിരഞ്ഞെടുത്തത് 'സ്ലോപ്പ്' എന്ന വാക്കാണ്. പച്ചമലയാളത്തിൽ ഇതിനെ 'ചെളി' എന്ന് വിളിക്കാം. കേൾക്കുമ്പോൾ നിസാരമെന്ന് തോന്നാമെങ്കിലും, ഈ 'സ്ലോപ്പി'ന് എഐ സൃഷ്ടിച്ച പുതിയ ലോകവുമായി വളരെ അടുത്ത ബന്ധമുണ്ട്.
എഐയുടെ 'ചെളി'ക്കളി
2025ൽ ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ട സാങ്കേതികവിദ്യ എഐ തന്നെയാണ്. എഐ ഉപയോഗിച്ച് ഓൺലൈനിൽ തരംതാഴ്ന്നതും നിലവാരമില്ലാത്തതുമായ ഉള്ളടക്കങ്ങളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായി. ഇതിനെ സൂചിപ്പിക്കുന്ന വാക്കെന്ന നിലയിലാണ് 'സ്ലോപ്പ്' ഉണ്ടായത്. മെറിയം-വെബ്സ്റ്റർ പ്രസിഡന്‍റ് ഗ്രെഗ് ബാലോ വ്യക്തമാക്കിയത് പോലെ, 'തരംതാഴ്ന്ന എഐ ഡിജിറ്റൽ ഉള്ളടക്കം' എന്നൊരു പുതിയ അർത്ഥം കൂടി ഈ വാക്കിന് നിഘണ്ടുവിൽ ചേർത്തിരിക്കുകയാണ്.
'ചെളി' എന്നാൽ എന്താണ്?
പുതിയ തലമുറ പ്രത്യേകിച്ച് ജെൻസി, നിലവാരമില്ലാത്ത തമാശകളെയും മോശം ഉള്ളടക്കങ്ങളെയും കളിയാക്കാനായി ഉപയോഗിക്കുന്ന വാക്കാണ് 'ചെളി' അഥാവ സ്ലോപ്പ്. എന്നാൽ എഐയുടെ വരവോടെ ഈ വാക്കിൻ്റെ വ്യാപ്തി വർദ്ധിച്ചു. വ്യാജ വീഡിയോകൾ, വിചിത്രവും നിലവാരമില്ലാത്തതുമായ പരസ്യ ചിത്രങ്ങൾ, തെറ്റായ പ്രചാരണങ്ങൾ, വളരെ മോശം നിലവാരത്തിൽ എഐ എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ഇന്ന് 'സ്ലോപ്പ്' എന്ന ഒറ്റ വാക്കിൽ അറിയപ്പെടുന്നു. അതായത്, എഐ ഒരു മിനിറ്റിനുള്ളിൽ സൃഷ്ടിച്ച് തള്ളുന്ന, ഗുണമേന്മ ഒട്ടുമില്ലാത്ത വിവരശേഖരമാണ് ഇതെന്ന് സാരം.
പഴമയുടെ ചെളി
'സ്ലോപ്പ്' എന്ന വാക്കിന് 1700കളിൽ 'മൃദുവായ ചെളി' എന്നൊരു അർത്ഥമുണ്ടായിരുന്നു. എന്നാൽ ഇയൊരു വാക്ക് ഡിജിറ്റൽ യുഗത്തിൽ എഐയുടെ തെറ്റായ ഉള്ളടക്കത്തെ സൂചിപ്പിച്ചുകൊണ്ട് തിരിച്ചെത്തിയിരിക്കുകയാണ്. എഐ ടൂളുകൾ ഉപയോഗിച്ച് ഒരു ബട്ടൺ അമർത്തിയാൽ ഉടൻ തന്നെ ഉള്ളടക്കം സൃഷ്ടിക്കാൻ കഴിയുന്ന ഈ കാലഘട്ടത്തിൽ, നിലവാരമുള്ള ഉള്ളടക്കങ്ങളും ഗുണമേന്മ കുറഞ്ഞ ഉള്ളടക്കങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ വായനക്കാർക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വരും എന്ന മുന്നറിയിപ്പ് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്നത്. അതുകൊണ്ട്, അടുത്ത തവണ നിങ്ങൾ ഒരു മോശം പരസ്യമോ, എഐ ഉണ്ടാക്കിയ ഒരു തമാശയോ കാണുമ്പോൾ ഓർക്കുക: 'ചുമ്മാ ചെളിയടിക്കല്ലേ...' എന്ന പ്രയോഗം ഇന്ന് ലോകോത്തര നിഘണ്ടുവിന്‍റെ അംഗീകാരം നേടിയ ഒരു ട്രെൻഡാണ്.


