
വാഷിങ്ടണ്‍: ഇറാനെ ലക്ഷ്യമിട്ട് ഖത്തര്‍ തീരത്തേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ അയച്ച് അമേരിക്ക. മിസൈല്‍ വേധ യുദ്ധക്കപ്പലായ യുഎസ്എസ് അര്‍ലിങ്ടണാണ് കഴിഞ്ഞ ദിവസം അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കും. യുഎസ്എസ് എബ്രഹാം ലിങ്കണ്‍ എന്ന യുദ്ധക്കപ്പല്‍ നേരത്തെ പുറപ്പെട്ടിരുന്നു. ബോംബര്‍ വിമാനങ്ങളും യുഎസ് ഖത്തര്‍ ബേസിനില്‍ എത്തിക്കും.
മേഖലയിലെ ഇറാന്‍ ഭീഷണിയെ ചെറുക്കാനാണ് സജ്ജമാകുന്നതെന്നാണ് യുഎസിന്‍റെ വിശദീകരണം. അമേരിക്കയുടെ നടപടിയെ ഇറാന്‍ രൂക്ഷഭാഷയില്‍ തള്ളിപ്പറഞ്ഞു. അമേരിക്കയുടെ വാദം അസംബന്ധമാണെന്നും യുദ്ധപ്രതീതി സൃഷ്ടിക്കുകയാണെന്നും ഇറാന്‍ കുറ്റപ്പെടുത്തി. മേഖലയുടെ താല്‍പര്യം സംരക്ഷിക്കാനും യുഎസ് സൈനികരുടെ സുരക്ഷ ഉറപ്പാക്കാനാണ് കപ്പലുകള്‍ വിന്യസിക്കുന്നതെന്നും പെന്‍റഗണ്‍ അറിയിച്ചു. 5200ഓളം സൈനികരെയാണ് അമേരിക്ക ഇറാഖില്‍ വിന്യസിച്ചിരിക്കുന്നത്.
എന്നാല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ സന്നാഹത്തെ വിന്യസിക്കുന്ന കാര്യം പരിഗണിക്കൂവെന്നും പെന്‍റഗണ്‍ വ്യക്തമാക്കി. 2015ല്‍ അമേരിക്കയും ഇറാനും ഇതര രാജ്യങ്ങളും തമ്മിലുള്ള കരാറില്‍നിന്ന് ഡൊണാള്‍ഡ് ട്രംപ് പിന്മാറിയതിന് ശേഷമാണ് ഇറാനെ ലക്ഷ്യമാക്കി അമേരിക്ക നീക്കം തുടങ്ങിയത്. കരാര്‍ റദ്ദാക്കിയതിന് ശേഷം അമേരിക്ക ഇറാനുമേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാനിലെ റവല്യൂഷനറി ഗാര്‍ഡിനെ യുഎസ് അന്താരാഷ്ട്ര തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയതും ബന്ധം വഷളാകാന്‍ കാരണമായി.
അമേരിക്കയുടെ യുദ്ധ കപ്പലുകള്‍ വേണമെങ്കില്‍ ഒറ്റ മിസൈലിന് തകര്‍ക്കാവുന്നതേയുള്ളൂവെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ യൂസുഫ് തബാതബായി നെജാദ് പറഞ്ഞതായി ഇറാനിലെ പ്രധാന വാര്‍ത്ത ഏജന്‍സിയായ ഇസ്ന റിപ്പോര്‍ട്ട് ചെയ്തു. ആണവ പദ്ധതികള്‍ക്ക് ഏര്‍പ്പെടുത്തിയ പരിധി എടുത്തുകളഞ്ഞതില്‍ സര്‍ക്കാറിന് പിന്തുണയര്‍പ്പിച്ച് വെള്ളിയാഴ്ച ആയിരങ്ങളാണ് മാര്‍ച്ച് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam