വാഷിംഗ്ടൺ: അമേരിക്കയെ ആക്രമിച്ചാല്‍ ഇറാനിലെ പ്രധാനപ്പെട്ട 52 കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്ഡ് ട്രംപ്. വളരെവേഗത്തിലും അതിശക്തവുമായ ആക്രമണമാകും ഉണ്ടാകുകയെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. ഇറാനി ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ഡ്രോണ്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ യു.എസിന് തിരിച്ചടി നല്‍കും എന്ന് ഇറാന് വ്യക്തമാക്കിയിരുന്നു.
അമേരിക്ക ഇറാനിലെ 52 കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. ചിലത് ഇറാനും ഇറാൻ സംസ്കാരത്തിനും തന്നെയും വളരെ പ്രധാനപ്പെട്ടവയാണ്. ടെഹ്റാൻ യുഎസിനെ ആക്രമിച്ചാൽ ഇവയെ വളരെ വേഗത്തിലും കഠിനമായും ബാധിക്കും- ട്രംപ് ട്വീറ്റ് ചെയ്തു. ഇറാനിലെ യുഎസ് എംബസി വളഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ സംഭവുമായി ബന്ധപ്പെട്ടാണ് ഇത്രയും സ്ഥലങ്ങളെ ലക്ഷ്യം വച്ചത് എന്നാണ് സൂചന. യുഎസ് പൗരന്മാരും നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടെ 52 പേരെയാണ് 1979ൽ ഇറാൻ മൗലികവാദി സംഘത്തിന്റെ നേതൃത്വത്തിൽ ബന്ദികളാക്കിയത്.
ഇറാൻ–യുഎസ് ബന്ധത്തിൽ വിള്ളലുണ്ടാക്കിയ പ്രധാന സംഭവമായാണ് ബന്ദിയാക്കലിനെ വിദഗ്ധർ വിലയിരുത്തുന്നത്. ഇറാനിൽ രാഷ്ട്രീയപരവും സൈനികപരവുമായുള്ള യാതൊരു തരം ഇടപെടലും യുഎസിന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന ‘അൾജീറിയ പ്രഖ്യാപനത്തിൽ’ ഒപ്പിട്ടതിനെത്തുടര്‍ന്നാണ് ബന്ദികളെ മോചിപ്പിച്ചത്.
ശനിയാഴ്ച ഇറാക്കിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കു നേരെ റോക്കറ്റ് ആക്രമണം നടന്നിരുന്നു. യുഎസ് എംബിസി ഉൾപ്പെടെ സ്ഥിതി ചെയ്യുന്ന ഗ്രീൻ സോണിലാണ് ആക്രമണം നടന്നത്. ഇതിനു പിന്നാലെ യുഎസ് സേന താവളമടിച്ചിരിക്കുന്ന അൽ-ബലാദ് വ്യോമസേന ക്യാംപിനു നേരെ രണ്ട് റോക്കറ്റാക്രമണവും നടന്നു.
ജനറൽ സുലൈമാനിയുടെ മൃതദേഹം ബാഗ്ദാദിൽനിന്നും പുറപ്പെട്ടതിനു തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണങ്ങളിൽ ആളപായമില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അഞ്ചു പേർക്കു പരുക്കേറ്റതായി ‘ദ് മിറർ’ റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam