
വാഷിങ്ടൺ: ഇന്ത്യക്കുള്ള അധിക തീരുവ റഷ്യൻ എണ്ണയുടെ പേരിൽ മാത്രമല്ലെന്ന് സമ്മതിച്ച് അമേരിക്ക. വ്യാപാര കരാർ ചർച്ച ഇന്ത്യ അനാവശ്യമായി നീട്ടിയെന്നാണ് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബസന്‍റ് ആരോപിക്കുന്നത്. ഇന്ത്യ ചില വിഷയങ്ങളിൽ കടുംപിടുത്തം പിടിക്കുകയാണ്. മേയിൽ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നാണ് യു.എസ് കുറ്റപ്പെടുത്തുന്നത്. അതേസമയം ഇന്ത്യ- അമേരിക്ക താരിഫ് യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് മേൽ 25 ശതമാനം അധിക തീരുവയടക്കം 50 ശതമാനം നികുതി ചുമത്തിയത് ഏതൊക്കെ മേഖലയെ ബാധിക്കുമെന്ന് സർക്കാർ നിരീക്ഷിക്കുകയാണ്.
ട്രംപിന്‍റെ അധിക തീരുവ നിലവിൽ വന്ന ശേഷമുള്ള സാഹചര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ ഉന്നതതല യോഗം ചേർന്നിരുന്നു. ഏതെല്ലാം മേഖലകൾക്ക് സഹായം വേണമെന്ന് സർക്കാർ കൈകൊണ്ടിട്ടുണ്ട്. അമേരിക്കയുടെ തീരുവ ബാധിക്കുന്ന ടെക്സ്റ്റൈൽ മേഖല, സമുദ്രോൽപ്പന്ന മേഖലയ്ക്കുമൊക്കെ കേന്ദ്ര സർക്കാർ സഹായം നൽകും. നാൽപ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സർക്കാർ തേടുന്നത്. അമേരിക്കയുമായുള്ള വ്യാപാര കരാർ നീണ്ടുപോകുന്ന സാഹച്യര്യത്തിലാണ്. യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാര കരാർ ഒക്ടോബറോടുകൂടി യാഥാർത്ഥ്യമാക്കാനുള്ള നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്നും നടക്കുന്നത്.
25 ശതമാനം പിഴ തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. തിരുമാനത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി. ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ബുധനാഴ്ച അർധരാത്രി (ഇന്ത്യൻ സമയം വ്യാഴാഴ്ച രാവിലെ 9:30) പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യു എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്. റഷ്യ - യുക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് വിശദീകരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam