
ദില്ലി: പാകിസ്ഥാന്റെ ആണവായുധം നിർമ്മിച്ച അബ്ദുൾ ഖാദിർ ഖാനെ (എക്യു ഖാൻ) ഇല്ലാതാക്കാൻ അമേരിക്ക ശ്രമിച്ചിരുന്നുവെന്നും സൗദി അറേബ്യയുടെ നേരിട്ടുള്ള ഇടപെടലിൽ തീരുമാനം മാറ്റുകയായിരുന്നുവെന്നും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മുൻ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. എഎൻഐക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ സിഐഎ ഉദ്യോഗസ്ഥൻ ജോൺ കിരിയാക്കോ നിർണായക വെളിപ്പെടുത്തൽ നടത്തിയത്. 15 വർഷം സിഐഎ ഏജന്റായിരുന്നു ജോൺ കിരിയാക്കോ.
പാകിസ്ഥാൻ ശാസ്ത്രജ്ഞൻ അബ്ദുൾ ഖാദിർ ഖാനെ കൊലപ്പെടുത്താനായിരുന്നു അമേരിക്കയുടെ തീരുമാനമെന്നാണ് സുപ്രധാന വെളിപ്പെടുത്തൽ. ലോക്കേഷൻ, ദിനചര്യ അടക്കം അബ്ദുൾ ഖദീർ ഖാനെ കുറിച്ചുള്ള പൂർണ്ണ വിവരം അമേരിക്കയുടെ കൈവശമുണ്ടായിരുന്നു. എന്നാൽ സൌദി ഇടപെടലിൽ മിഷൻ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഞങ്ങളുടെ ഒരു ഏജന്റ് എ. ക്യു ഖാനുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നു. ഇസ്രയേൽ രീതിയിലായിരുന്നു സിഐഎയുടെ പ്രവർത്തനമെങ്കിൽ, ഞങ്ങൾക്ക് അയാളെ കൊലപ്പെടുത്താമായിരുന്നു. എന്നാൽ വൈറ്റ് ഹൌസിൽ നിന്നുള്ള നിർദ്ദേശ പ്രകാരമാണ് നിലപാട് മാറ്റേണ്ടി വന്നതെന്നും കിരിയാക്കോ വിശദീകരിക്കുന്നു. സൗദി അറേബ്യ ഖാന് നൽകിയ സംരക്ഷണം അവർക്ക് ആണവായുധം നിർമ്മിക്കണമെന്ന തീരുമാനവുമായി ബന്ധപ്പെട്ടായിരിക്കാമെന്നും കിരിയാക്കോ പറയുന്നു.
2001-ലെ പാര്‍ലമെന്റ് ആക്രമണത്തിനും 2008-ലെ മുംബൈ ഭീകരാക്രമണങ്ങള്‍ക്കും ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് യു.എസ്. പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ഇന്ത്യയുടെ ഈ നയത്തെ സിഐഎ 'തന്ത്രപരമായ ക്ഷമ' എന്നാണ് വിശേഷിപ്പിച്ചത്. തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടായിരുന്നിട്ടും അത് ചെയ്യാതിരുന്നത് വളരെ പക്വമായ വിദേശനയമാണ് ഇന്ത്യയുടേതെന്ന് വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥര്‍ ആ സമയത്ത് അഭിപ്രായപ്പെട്ടിരുന്നതായി കിരിയാക്കോ ഓര്‍മ്മിച്ചു. ഇന്ത്യയുടെ സംയമനം ഒരു ആണവയുദ്ധം ഉണ്ടാകുന്നതില്‍ നിന്ന് രക്ഷിച്ചു. എന്നാൽ, തന്ത്രപരമായ ക്ഷമയെ ബലഹീനതയായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.