മോദിയുടെ യുഎസ് സന്ദര്‍ശനം ആരംഭിച്ചു: 'ഹൗഡി മോദി‍' പരിപാടിയിലേക്ക് അരലക്ഷം പേര്‍ എത്തും

By Web TeamFirst Published Sep 22, 2019, 6:38 AM IST
Highlights

പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന കലാപരിപാടികളോടെ ചടങ്ങ് ആരംഭിക്കും. പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡ‍ന്‍റ് ഡൊണാള്‍ഡ് ട്രംപും വേദിയിലെത്തും.

ഹ്യൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന അമേരിക്കന്‍ സന്ദര്‍ശനം ആരംഭിച്ചു. എയര്‍ഇന്ത്യ വണ്‍ വിമാനത്തില്‍ ഹൂസ്റ്റണിലെത്തിയ മോദി വന്‍കിട എണ്ണ കമ്പനികളുടെ മേധാവികളുമായി കൂടിക്കാഴ്ച നടത്തി. 

ആഗോള എണ്ണ വില നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും ഇന്ത്യയുടെ ഊര്‍ജമേഖലയിലുള്ള ആവശ്യങ്ങളും അവ സൃഷ്ടിക്കുന്ന അവസരങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വിശദീകരിച്ചു. ദ്രവീകൃത പ്രകൃതി വാതകം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. അമേരിക്കയിലെ 16 വന്‍കിട എണ്ണക്കമ്പനികളുടെ മേധാവികളാണ് യോഗത്തില്‍ പങ്കെടുത്തത്. 

അതേസമയം മോദിയുടെ ഹൗഡി മോദി പരിപാടി നടക്കുന്ന ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. 55,000-ത്തിലേറെ പേര്‍  പരിപാടിക്കെത്തും എന്ന് ഉറപ്പായിട്ടുണ്ട്. അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെയാണ് ടെക്സാസിലെ ഇന്ത്യന്‍ സമൂഹം പരിപാടി ആസൂത്രണം ചെയ്യുന്നത്. അറുപതിലേറെ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ഗവര്‍ണമാരും ചടങ്ങില്‍ പങ്കെടുക്കും.

പ്രാദേശിക സമയം രാവിലെ ഒന്‍പതരയോടെ 90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന കലാപരിപാടികളോടെ ചടങ്ങ് ആരംഭിക്കും. പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡ‍ന്‍റ് ഡൊണാള്‍ഡ് ട്രംപും വേദിയിലെത്തും. ട്രംപിനെ ചടങ്ങിനെത്തിക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കാണാം. ഇന്ത്യ-യുഎസ് ബന്ധത്തിലെ നിര്‍ണായക നാഴികക്കല്ലാവും പരിപാടിയെന്ന് മോദി പറഞ്ഞു. 

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചടങ്ങിനെത്തുന്നത്. ഈ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാട്ടി ഡെമോക്രാറ്റ് പക്ഷത്തുള്ള ഇന്ത്യന്‍ ജനപ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ഇന്ത്യയുമായി ബന്ധപ്പെട്ട വ്യാപാരകരാറുകളില്‍ ചില നിര്‍ണായക പ്രഖ്യാപനങ്ങള്‍ ചടങ്ങില്‍ ഡൊണാള്‍ഡ് ട്രംപ് നടത്തിയേക്കും എന്ന് സൂചനയുണ്ട്. 

click me!