
വാഷിംഗ്ടൺ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്സ് (ഐആർജിസി) നാവികസേനയുടെ മിസൈൽ ആക്രമണത്തിൽ യുഎസ് വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കൺ പ്രവർത്തനരഹിതമായെന്നും ഗൾഫ് സമുദ്രത്തിൽ നിന്ന് പിൻവാങ്ങിയെന്നും അവകാശപ്പെട്ട് ഇറാൻ. എന്നാൽ, എബ്രഹാം ലിങ്കൺ ഓപ്പറേഷൻ എപ്പിക് ഫ്യൂറിയുടെ ഭാഗമായി മേഖലയിൽ തുടരുകയാണെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനിയൻ കപ്പൽ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന് വളരെ അടുത്തേക്ക് സഞ്ചരിച്ചതായും അമേരിക്കൻ സൈന്യം വെടിയുതിർത്തതായും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ കപ്പൽ ഇടിച്ചോ എന്ന് വ്യക്തമല്ല.
ഇറാന്റെ സമുദ്രാതിർത്തിയിൽ നിന്ന് ഏകദേശം 340 കിലോമീറ്റർ അകലെ ഒമാൻ കടലിൽ, നൂതന മിസൈലുകളും ഡ്രോണുകളും ഉൾപ്പെട്ട ഒരു കൃത്യതയുള്ള ഓപ്പറേഷൻ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ ആക്രമിച്ചതായി ഇറാൻ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തിന് ശേഷം, യുഎസ് കപ്പലും സംഘവും അതിവേഗത്തിൽ പ്രദേശം വിട്ട് പോയെന്നും ഇറാൻ സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ, അവകാശവാദം സാധൂകരിക്കുന്ന തെളിവുകൾ സ്റ്റേറ്റ് ടെലിവിഷൻ നൽകിയിട്ടില്ല. ഇറാൻ സൈന്യത്തിന്റെ പ്രത്യയശാസ്ത്ര വിഭാഗമായ ഗാർഡ്‌സും മുമ്പ് ലിങ്കണിൽ ഇടിച്ചതായി ആരോപിച്ചിരുന്നു. എന്നാൽ ഇറാൻ വിക്ഷേപിച്ച മിസൈലുകൾ അടുത്തുപോലും എത്തിയില്ല എന്ന് പെന്റഗൺ അന്ന് പറഞ്ഞിരുന്നു.
ഇറാനിയൻ റിപ്പോർട്ടുകൾ പുറത്തുവന്നയുടനെ, യുഎസ് തള്ളിക്കളഞ്ഞു. എബ്രഹാം ലിങ്കൺ കാരിയർ സ്ട്രൈക്ക് ഗ്രൂപ്പ് ഓപ്പറേഷൻ എപ്പിക് ഫ്യൂറിയെ പിന്തുണയ്ക്കുകയും കടലിൽ തുടരുന്നുവെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വ്യക്തമാക്കി. അമേരിക്കൻ യുദ്ധക്കപ്പലിന്റെ ഒരു ചിത്രവും പോസ്റ്റ് ചെയ്തു. സിബിഎസ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഒരു യുഎസ് നാവിക കപ്പലിന് നേരെ ഇറാൻ വെടിയുതിർക്കാൻ ശ്രമിച്ചു. തുടർന്ന് പ്രത്യാക്രമണമുണ്ടായി. ഈ ആഴ്ച ആദ്യമാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുണ്ട്, ഇറാനിയൻ കപ്പലിന്റെ സ്ഥിതി അജ്ഞാതമായി തുടരുന്നു. അറേബ്യൻ കടലിൽ പ്രവർത്തിക്കുന്ന എബ്രഹാം ലിങ്കണിനൊപ്പം മറ്റ് രണ്ട് യുദ്ധക്കപ്പലുകളായ യുഎസ്എസ് സ്പ്രൂൻസ്, യുഎസ്എസ് മൈക്കൽ മർഫി എന്നിവ പുറപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam