
വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, എണ്ണക്കപ്പൽ ജീവനക്കാർക്ക് നേരെ പ്രകോപനപരമായ പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകൾ സഞ്ചരിക്കണമെന്നും ടാങ്കർ ജീവനക്കാർ അൽപ്പം 'ധൈര്യം കാണിക്കണമെന്നുമാണ്' ട്രംപ് ആവശ്യപ്പെട്ടത്. ഇറാന്‍റെ നാവികസേനയെ തങ്ങൾ തകർത്തുകഴിഞ്ഞെന്നും പേടിക്കാൻ ഒന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, യുഎസ് നാവികസേനയുടെ സംരക്ഷണം ടാങ്കറുകൾക്ക് നൽകണമെന്ന ഷിപ്പിംഗ് കമ്പനികളുടെ ആവശ്യം അപകടസാധ്യത മുൻനിർത്തി പെന്‍റഗൺ തള്ളിയിരിക്കുകയാണ്.
യുദ്ധം ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോൾ ഹോർമുസ് കടലിടുക്കിലും ഒമാൻ ഉൾക്കടലിലുമായി 16 ഓളം എണ്ണക്കപ്പലുകൾക്ക് നേരെയാണ് ഇറാൻ ആക്രമണം നടത്തിയത്. ആക്രമണങ്ങളിൽ കപ്പൽ ജീവനക്കാർ കൊല്ലപ്പെടുകയും പല ടാങ്കറുകൾക്കും തീപിടിക്കുകയും ചെയ്തു. ആഗോള എണ്ണ വിപണിയിൽ ബാരലിന് 100 ഡോളറിന് മുകളിലേക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ടാങ്കറുകൾ അയക്കാൻ കമ്പനികൾക്ക് മേൽ ട്രംപ് സമ്മർദ്ദം ചെലുത്തുന്നത്. എന്നാൽ കടലിടുക്കിലൂടെയുള്ള യാത്ര ആത്മഹത്യാപരമാണെന്നാണ് കമ്പനികളുടെ നിലപാട്.
അതേസമയം, ഇറാൻ യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയിൽ എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് ട്രംപ് ഭരണകൂടം രാജ്യങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. 2022 ഓഗസ്റ്റിന് ശേഷം ആദ്യമായി ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ എത്തിയതോടെയാണ് വിപണിയിലെ പ്രതിസന്ധി പരിഹരിക്കാൻ അമേരിക്ക പുതിയ ലൈസൻസ് അനുവദിച്ചത്. നിലവിൽ കടലിൽ കുടുങ്ങിക്കിടക്കുന്ന റഷ്യൻ എണ്ണക്കപ്പലുകൾ വാങ്ങുന്നതിനായി രാജ്യങ്ങൾക്ക് താൽക്കാലിക അനുമതി നൽകുകയാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റ് അറിയിച്ചു.
നിലവിലുള്ള എണ്ണലഭ്യത ഉറപ്പാക്കാനായി എടുത്ത ഹ്രസ്വകാല നടപടി മാത്രമാണിതെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. മാർച്ച 12നകം കപ്പലുകളിൽ കയറ്റിയ റഷ്യൻ അസംസ്കൃത എണ്ണയ്ക്കോ പെട്രോളിയം ഉൽപ്പന്നങ്ങൾക്കോ മാത്രമാണ് ഈ ഇളവ് ബാധകമാകുക. ഏപ്രിൽ 11 വരെയാണ് ഈ ലൈസൻസിന്‍റെ കാലാവധി. ഖനന വേളയിൽ ഈടാക്കുന്ന നികുതിയിലൂടെയാണ് റഷ്യൻ സർക്കാരിന് പ്രധാന വരുമാനം ലഭിക്കുന്നതെന്നും അതിനാൽ കടലിൽ എത്തിക്കഴിഞ്ഞ ഈ എണ്ണ വിറ്റഴിക്കുന്നത് റഷ്യയ്ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കില്ലെന്നും സ്കോട്ട് ബെസന്‍റ് അവകാശപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam