
ദോഹ: യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളിലെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാർ ഒപ്പിടുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഗ്‍ല അഫ്ഗാനിസ്ഥാൻ സന്ദർശിച്ചു. പ്രസിഡന്‍റ് അഷ്റഫ് ഗനിയുമായി കൂടിക്കാഴ്ച്ച നടത്തിയ അദ്ദേഹം രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യയുടെ പൂർണ്ണ പിന്തുണ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത് അഷ്റഫ് ഗനിക്ക് കൈമാറുകയും ചെയ്തു. രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണയിൽ നന്ദി അറിയിക്കുന്നതായി അഷ്റഫ് ഗനി പറഞ്ഞു. അഫ്ഗാനിസ്ഥാൻ വൈസ് പ്രസിഡന്റ് അംറുള്ള സലേഹ്, വിദേശകാര്യ മന്ത്രി ഹാറൂൺ ചകൻസുരി തുടങ്ങിയവരുമായും ഹർഷ് വർധൻ ശ്രിംഗ്‍ല കൂടിക്കാഴ്ച്ച നടത്തി.
അഫ്ഗാനിലെ സായുധ പോരാട്ടം അവസാനിപ്പിക്കാൻ യുഎസും താലിബാനും തമ്മിൽ ഒരുവർഷമായി നടന്നുവരുന്ന സമാധാന ചർച്ചകൾക്കാണ് കരാർ ഒപ്പ് വയ്ക്കലിലൂടെ ഫലം കാണുക. കരാർ യാഥാർഥ്യമായാൽ അഫ്ഗാനിലെ യുഎസ് സേനയെ ഘട്ടം ഘട്ടമായി പിൻവലിക്കും. എന്നാൽ ചടങ്ങിലേക്ക് അഫ്ഗാനിസ്ഥാൻ പ്രതിനിധിയെ അയച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam