
ഫ്ലോറിഡ: സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന്‍ ശ്വാസം മുട്ടി മരിച്ചു. കാമുകി അറസ്റ്റില്‍. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. ചൊവ്വാഴ്ച മദ്യപിച്ച ശേഷമാണ് സാറ്റ് കളിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്. സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ചിരുന്ന ശേഷം വീട്ടില്‍ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. സാറ ബൂണ്‍ എന്ന 42 കാരിയാണ് കാമുകനായ ജോര്‍ജ് ടോറസ് ജൂനിയറിനെ സ്യൂട്ട് കേസില്‍ കയറാന്‍ സഹായിച്ചത്.
ഇതിന് ശേഷം പെട്ടിയിലായ കാമുകന്‍റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം ഇവര്‍ കിടപ്പുമുറിയില്‍ പോയി ഒളിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ജോര്‍ജിനെ കാണാതിരുന്നതിനാലും മദ്യ ലഹരിയിലും സാറ ഉറങ്ങിപ്പോയി. പുലര്‍ച്ചെ താഴെ നിലയിലുള്ള മുറിയില്‍ ചെല്ലുമ്പോഴാണ് കാമുകനെ സ്യൂട്ട് കേസില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ എമര്‍ജന്‍സി സേവനം ഉപയോഗിക്കുകയായിരുന്നു.
വീട്ടിലെത്തിയ ഉദ്യോഗസ്ഥരാണ് ജോര്‍ജ് ഇതിനോടകം മരിച്ചതായി സ്ഥിരീകരിച്ചത്. ഒളിക്കുന്നതിനിടയില്‍ ജോര്‍ജ് നിലവിളിക്കുന്നതായി കേട്ടിരുന്നുവെന്ന് സാറ പറയുന്നു. എന്നാല്‍ അത് മത്സരത്തില്‍ കള്ളത്തരം കാണിക്കാന്‍ വേണ്ടി ചെയ്തതാവുമെന്നായിരുന്നുവെന്നാണ് സാറ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. ശ്വാസം മുട്ടിയാണ് ജോര്‍ജിന്‍റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. രണ്ടാം ഗ്രേഡ് കൊലപാതകക്കുറ്റമാണ് സാറയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സ്യൂട്ട് കേസ് തലകീഴായി മറിഞ്ഞതാണ് ജോര്‍ജ് പെട്ടിയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam