
നോയിഡ: ഗാംബിയയിലേതിന് സമാനമായി ഉസ്ബെക്കിസ്ഥാനിലും ഇന്ത്യൻ നിർമ്മിത മരുന്ന് കഴിച്ച കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. ഇന്ത്യയിൽ ഉത്പാദിപ്പിച്ച ഡോക് വൺ മാക്സ് സിറപ്പ് കഴിച്ചതിന്റെ പാർശ്വഫലങ്ങൾ 18 കുട്ടികളുടെ മരണത്തിന് ഇടയാക്കി എന്നാണ് റിപ്പോർട്ട്. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയൺ ബയോടെക് ആണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. എതിലിൻ ഗ്ലൈസോൾ എന്ന അപകടകരമായ രാസപദാർത്ഥം മരുന്നിൽ കണ്ടെത്തിയതായും ഉസ്ബെക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ ലോകാരോഗ്യ സംഘടന അന്വേഷണം തുടങ്ങിയിട്ടുണ്ട്.
നേരത്തെ ഈ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഗാംബിയയില്‍ 5 വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണത്തിനു പിന്നിൽ ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ആരോപണം ഉയര്‍ന്നത്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കഫ് സിറപ്പില്‍ അപകടകരമായ ഡയറ്റ്തലിൻ ഗ്ലൈകോൾ , എഥിലിൻ ഗ്ലൈകോൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണമെന്നും കണ്ടെത്തിയിരുന്നു. നാല് മരുന്നുകളാണ് അപകടകാരികളായതെന്നാണ് കണ്ടെത്തല്‍. പീഡിയാട്രിക് വിഭാഗത്തില്‍ ഉപയോഗിച്ച പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നീ മരുന്നുകളില്‍ അപകടകരമായി അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പൂട്ടിയിരുന്നു.
എന്നാല്‍ ഡിസംബര്‍ രണ്ടാം വാരത്തില്‍ മരുന്ന് സാംപിൾ സിറപ്പുകൾ സർക്കാർ ലബോറട്ടറിയിൽ പരിശോധിച്ചതിൽ തെറ്റായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ കമ്പനി തുറക്കാന്‍ അനുമതി ആവശ്യപ്പെട്ട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് സര്‍ക്കാരിനെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam