ട്രംപിന്‍റെ ‘ആക്രമണാത്മക സാമ്പത്തിക സമ്മർദ്ദ തന്ത്രം', ഓഗസ്റ്റ് 27 ന് ഇന്ത്യക്കെതിരെ 50% തീരുവ പ്രാബല്യത്തിൽ വരും; ന്യായീകരിച്ച് വാൻസ്

Published : Aug 25, 2025, 11:46 AM IST
vance trump

Synopsis

റഷ്യയുടെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം കുറയ്ക്കുകയും യുദ്ധം നിർത്താൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നതാകും ഈ തന്ത്രമെന്നും വാൻസ് പ്രതീക്ഷ പങ്കുവച്ചു

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ വർധന മറ്റന്നാൾ (ഓഗസ്റ്റ് 27) പ്രാബല്യത്തിൽ വരാനിരിക്കെ അമേരിക്കൻ നടപടിയെ ന്യായീകരിച്ച് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് രംഗത്തെത്തി. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സ്വീകരിച്ച ഒരു മികച്ച തന്ത്രം എന്നാണ് ഇന്ത്യക്കെതിരായ അധിക തീരുവ പ്രഖ്യാപനത്തെ വാൻസ് പ്രശംസിച്ചത്. യുക്രൈൻ - റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ട്രംപിന്‍റെ ‘ആക്രമണാത്മക സാമ്പത്തിക സമ്മർദ്ദ’ തന്ത്രമെന്നാണ് നടപടിയെക്കുറിച്ച് വൈസ് പ്രസിഡന്‍റ് വിവരിക്കുന്നത്. റഷ്യയുടെ എണ്ണ വ്യാപാരത്തിൽ നിന്നുള്ള വരുമാനം കുറയ്ക്കുകയും യുദ്ധം നിർത്താൻ അവരെ നിർബന്ധിക്കുകയും ചെയ്യുന്നതാകും ഈ തന്ത്രമെന്നും വാൻസ് എൻ ബി സി ന്യൂസിന്‍റെ മീറ്റ് ദി പ്രസ് പരിപാടിയിൽ പ്രതീക്ഷ പങ്കുവച്ചു.

റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ ഇത്രയധികം ഇന്ത്യ വാങ്ങുന്നത് റഷ്യക്ക് വലിയ സാമ്പത്തിക ലാഭമാണ് ഉണ്ടാക്കുന്നത്. യുക്രൈനിലെ റഷ്യൻ സൈനിക നടപടികൾക്ക് പരോക്ഷമായി ധനസഹായം നൽകുന്നതിന് തുല്യമാണിതെന്ന ട്രംപിന്‍റെ വാദം ശരിയാണെന്നും വാൻസ് അഭിപ്രായപ്പെട്ടു. ട്രംപിന്റെ നയം റഷ്യയ്ക്ക് വ്യക്തമായ സന്ദേശം നൽകുന്നതാണെന്നും വാൻസ് അവകാശപ്പെട്ടു. യുക്രൈനിലെ റഷ്യൻ ബോംബാക്രമണം നി‍ർത്താൻ നി‍കുതി വർദ്ധന അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം അവസാനിപ്പിച്ച് ആഗോള സമ്പദ്‌വ്യവസ്ഥയിൽ വീണ്ടും ഉൾപ്പെടാൻ റഷ്യക്ക് അവസരമുണ്ടെന്നും, എന്നാൽ യുക്രൈനെതിരായ ആക്രമണം തുടർന്നാൽ അവർ ഒറ്റപ്പെടുമെന്നും യു എസ് വൈസ് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ നേതൃത്വത്തിലുള്ള ചർച്ചകളിൽ റഷ്യയും യുക്രൈനും കാര്യമായ വിട്ടുവീഴ്ചകൾക്ക് തയാറായിട്ടുണ്ടെന്നും, യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമങ്ങൾ വിജയിക്കുമെന്നാണ് തന്‍റെ ശുഭാപ്തി വിശ്വാസമെന്നും വാൻസ് വിവരിച്ചു.

അതിനിടെ അമേരിക്കയിൽ നിന്നുള്ള മറ്റൊരു വാർത്ത മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഫർണിച്ചറുകൾക്ക് അധിക തീരുവ ചുമത്തുന്ന കാര്യം പരിഗണനയിലാണെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതാണ്. അമേരിക്കൻ സർക്കാർ ഈ മേഖലയെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിലേക്ക് വരുന്ന ഫർണിച്ചറില്‍ ചുമത്തുന്ന താരിഫ് സംബന്ധിച്ച് അന്വേഷണം നടത്തുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്. അടുത്ത 50 ദിവസത്തിനുള്ളിൽ, അന്വേഷണം പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഫർണിച്ചറുകളുടെ താരിഫ് നിരക്ക് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും എന്നാൽ നോർത്ത് കരോലിന, സൗത്ത് കരോലിന, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫർണിച്ചർ വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള മാർഗമായി താരിഫ് പദ്ധതിയെ മാറ്റുമെന്നും ട്രംപ് പറഞ്ഞു. സർക്കാർ കണക്കുകൾ പ്രകാരം ജൂലൈയിലെ കണക്കനുസരിച്ച്, ഫർണിച്ചർ, അനുബന്ധ ഉൽപ്പന്ന നിർമ്മാണ മേഖലയിൽ 340000 ത്തിലധികം ആളുകളെയാണ് ജോലിക്കെടുത്തത്.

PREV
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്