വത്തിക്കാനെ കണ്ണീർ കടലാക്കി ജനപ്രവാഹം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ രാഷ്ട്രപതി, കേരളത്തിൽ നിന്ന് റോഷി അഗസ്റ്റിൻ

Published : Apr 25, 2025, 09:07 PM ISTUpdated : Apr 25, 2025, 09:19 PM IST
വത്തിക്കാനെ കണ്ണീർ കടലാക്കി ജനപ്രവാഹം; ഇന്ത്യയുടെ ദുഃഖം അറിയിക്കാൻ രാഷ്ട്രപതി, കേരളത്തിൽ നിന്ന് റോഷി അഗസ്റ്റിൻ

Synopsis

ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് സംസ്കാര ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും

വത്തിക്കാൻ സിറ്റി: അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരുനോക്ക് കാണാൻ ലോകമെമ്പാടും നിന്ന് ജനപ്രവാഹം ഒഴുകിയെത്തിയതോടെ വത്തിക്കാൻ കണ്ണീർ കടലായ അവസ്ഥയിലാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നും അന്ത്യാഞ്ജലി അർപ്പിച്ചത് ആയിരങ്ങളാണ്. മാർപാപ്പയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വത്തിക്കാനിൽ വിശ്വാസികളുടെ നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ പൊതുദ‍ർശനം രാത്രി പത്തരവരെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ത്യയുടെ ദുഃഖം അറിയിക്കാനായി അന്തിമോപചാരം അർപ്പിക്കാൻ രാഷ്ട്രപതി ദ്രൗപതി മുർമു വത്തിക്കാനിലെത്തി. കേരളത്തിൽ നിന്നും മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവും അന്തിമോപചാരം അർപ്പിക്കാനായി വത്തിക്കാനിലെത്തിയിട്ടുണ്ട്. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതലാണ് തീരുമാനിച്ചിട്ടുള്ളത്.

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ശനിയാഴ്ച; ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക്

മാ‍ർപാപ്പയുടെ സംസ്കാരം നടക്കുന്ന ശനിയാഴ്ച ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണമായിരിക്കും. ഇന്ത്യൻ സമയം ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ നടത്തുക. ലോക രാഷ്ട്ര തലവൻമാർ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.

ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിലെ വസതിയിൽ 88 -ാം വയസിലാണ് ജീവിതത്തിൽ നിന്ന് വിടവാങ്ങിയത്. 11 വർഷം ആഗോള സഭയെ നയിച്ച പിതാവാണ് യാത്രയായത്. അർജന്‍റീനയിലെ ബ്യുണസ് ഐറിസിൽ 1936 ഡിസംബർ ഏഴിനായിരുന്നു ജനനം. ഹോർഗെ മരിയോ ബെർഗോളിയോ എന്നായിരുന്നു യഥാർത്ഥ പേര്. 1958 ലാണ് ഈശോ സഭയിൽ ചേർന്നത്. 1969 ഡിസംബർ 13 ന് പൗരോഹിത്യം സ്വീകരിച്ചു. 2001 ഫെബ്രുവരി ഒന്നിന് കർദിനാൾ ആയി. 2013 മാർച്ച് 13 ന് മാർപാപ്പ പദവിയിലെത്തി. കത്തോലിക്കാ സഭയുടെ 266 മത്തെ മാർപ്പാപ്പ ആയിരുന്നു. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ എന്ന നിലയില്‍ വത്തിക്കാന്‍ സര്‍ക്കാരിലും സഭയ്ക്ക് അകത്തും കാലോചിതമായ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ലോക സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി പ്രവര്‍ത്തിച്ച അദ്ദേഹം വൈദികരുടെ ബാലപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തി. ഭരണരംഗത്ത് പങ്കാളിത്തം ഉറപ്പുവരുത്തിയെങ്കിലും വൈദിക വൃത്തിയില്‍ സ്ത്രീകളോടുള്ള സമീപനത്തില്‍ പരന്പരാഗത നിലപാട് അദ്ദേഹം തുടര്‍ന്നു. എങ്കിലും മുന്‍ഗാമികളില്‍ നിന്ന് മാറി സഞ്ചരിക്കുക വഴി വേറിട്ട വീക്ഷണങ്ങള്‍ക്ക് ഉടമയായി ഫ്രാന്‍സിസ് മാര്‍പാപ്പ മാറി. സ്വവർഗാനുരാഗികളും ദൈവത്തിന്‍റെ മക്കളെന്ന് വിളിച്ച് മനുഷ്യസ്നേഹിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ശക്തമായ സമ്മർദ്ദവുമായി ഇസ്രയേൽ; ഇന്ത്യക്ക് ഭീഷണിയെന്നും മുന്നറിയിപ്പ്; ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം
കൊടുംതണുപ്പിൽ 33കാരിയുടെ മരണത്തിൽ ദുരൂഹത; പർവതാരോഹകനായ കാമുകൻ മനപ്പൂർവം മരണത്തിലേക്ക് തള്ളിവിട്ടെന്ന് ആരോപണം